
കുറുപ്പംപടി: കണ്ണീരായും നോവായും മൃതശരീരങ്ങളായും വാവിട്ട നിലവിളികളായുമെല്ലാം ജില്ലാ കലോത്സവത്തിന്റെ വേദികളിൽ നിറഞ്ഞ് വയനാട് ഉരുൾപൊട്ടൽ ദുരന്തം. ജില്ലാ കലോത്സവത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിലെ അഞ്ച് ഇനങ്ങളിലായി നിരവധി തവണയാണ് വയനാട് ദുരന്തം വേദികളിലെത്തിയത്.
വിവിധ വിഭാഗങ്ങളിലെ മിമിക്രി, മോണോ ആക്ട്, ജലച്ഛായം, കഥാപ്രസംഗം, നാടകം തുടങ്ങിയ ഇനങ്ങളിലാണ് ഉരുൾപ്പൊട്ടൽ ദുരന്തം വിഷയമായി വേദിയിലെത്തിയത്. ഹൈസ്കൂൾ വിഭാഗം ജലച്ഛായത്തിന്റെ വിഷയം രക്ഷാപ്രവർത്തനമായിരുന്നു. അതിൽ മത്സരാർത്ഥികളിൽ ഒന്നിലേറെപ്പേർക്ക് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
മിമിക്രിയിൽ ഒന്നിലേറെപ്പേർ ഉരുൾപൊട്ടലിന്റെ ശബ്ദാനുകരണവുമായി രംഗത്തെത്തി. നാടകത്തിൽ വെള്ളാർമല സ്കൂളും സ്കൂൾ മാഗസിനും ഉൾപ്പെടെയുള്ളവ വേദിയിലെത്തിയപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.