
കുറുപ്പംപടി: ഒപ്പന മത്സരം വേദി ഒന്നിൽ ആരംഭിക്കേണ്ടിയിരുന്നത് രാവിലെ 9ന്. ഉദ്ഘാടന സമ്മേളനം വൈകിയതോടെ അത് രണ്ടു മണിക്കൂറിലേറെ വൈകി. അത് സഹിച്ച് കാത്തിരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമെല്ലാം തലവേദനയായി ഉദ്ഘാടന സമ്മനേളനം കഴിഞ്ഞപ്പോൾ ആ പ്രഖ്യാപനമെത്തി. ഒപ്പന വേദി ഏഴിലേക്കും നാടകം വേദി ഒന്നിലേക്കും വെച്ചുമാറി മത്സരാർത്ഥികൾ ഉൾപ്പെടെ നൂറിലേറെപ്പേരാണ് വലഞ്ഞത്.
യു.പി വിഭാഗം നാടക മത്സരത്തിനിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് വിനയായത്. ഒരു ടീം മത്സരിച്ച ശേഷമാണ് നാടകവേദി മാറ്റിയത്. സെന്റ് പോൾസ് ചർച്ച് പാരീഷ് ഹാളി വേദിയിൽ മൈക്ക് പ്രശ്നമായതോടെ ഈ വേദിയിൽ മത്സരിക്കാൻ കഴിയില്ലെന്ന് മറ്റ് ടീമുകൾ അറിയിക്കുകയായിരുന്നു. ഒടുവിൽ നാടകം പ്രധാന വേദിയായ എം.ജി.എം എച്ച്.എസ്.എസ് ഗ്രൗണ്ടിലെ വേദി ഒന്നിലേക്ക് മാറ്റി. യു.പി വിഭാഗം ഒപ്പനക്ക് വേദി ഒന്നിൽ തയാറെടുത്തിരുന്നവർ ഇതോടെ പെട്ടു. വേദി ഏഴിലെത്തി ഒപ്പന തുടങ്ങുമ്പോഴേക്ക് സമയം ഒന്നാവാറായി. നാടകത്തിന്റെ രംഗ സജ്ജീകരണ സാധനങ്ങളടക്കം വേദി ഒന്നിലെത്തിച്ച് മത്സരം തുടങ്ങിയപ്പോൾ 1.30ആയി. അദ്ധ്യാപകരും പ്രതിഷേധം രേഖപ്പെടുത്തി.