kaumudi

ആലുവ: അമ്പാട്ടുകാവ് റെയിൽവേ തുരങ്കപാത നിർമ്മാണത്തിനായി ചൂർണിക്കര പഞ്ചായത്ത് അടച്ച 66 ലക്ഷം ഉൾപ്പെടെ മുഴുവൻ തുകയും റെയിൽവേയിൽ നിന്ന് തിരികെ ലഭിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. പഞ്ചായത്ത് ഭരണസമിതിയിലെ അംഗങ്ങളും ജനങ്ങളും പണം തിരികെ വാങ്ങണമെന്ന നിലപാടിലാണ്. പഞ്ചായത്തിന്റെ മറ്റ് വികസനാവശ്യങ്ങൾക്ക് തുക ഉപയോഗിക്കണമെന്നാണ് ആവശ്യം.

2017 ജനുവരിയിൽ എം.പിയായിരുന്ന ഇന്നസെന്റ് തുരങ്കപാതയ്ക്ക് ശിലാസ്ഥാപനം നിർവഹിച്ചെങ്കിലും നിർമ്മാണം നടന്നില്ല. സുരക്ഷാ കാരണങ്ങളാൽ ദേശീയപാത അതോറിട്ടി എൻ.ഒ.സി തരാതിരുന്നതാണ് പദ്ധതി മുടങ്ങാൻ കാരണം. പഞ്ചായത്ത് അടച്ച 66 ലക്ഷത്തിന് പുറമെ എം.എൽ.എ ഫണ്ടിൽ നിന്നും 30 ലക്ഷവും എം.പി ഫണ്ടിൽ നിന്നും 17.5 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം, ബ്ളോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയുമാണ് റെയിൽവേയ്ക്ക് അടച്ചിരുന്നത്. പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ എം.പി ഫണ്ട് അക്കാലത്ത് തന്നെ പിൻവലിച്ചു. അവശേഷിച്ച 1.11 കോടി രൂപ ഇപ്പോഴും റെയിൽവേയുടെ കൈവശമാണ്. പണം തിരികെ വാങ്ങിയാൽ വികസനത്തിന് പഞ്ചായത്ത് എതിരാണെന്ന പ്രചാരണം ഉണ്ടാകുമെന്ന ആശങ്കയിൽ ഭരണസമിതി മൗനം പാലിക്കുകയായിരുന്നു.

എന്നാൽ ഇതുസംബന്ധിച്ച് കഴിഞ്ഞ 24ന് 'കേരളകൗമുദി’യിൽ 'അമ്പാട്ടുകാവിൽ തുരങ്കപാതയില്ല, കൊടുത്തപണവും നഷ്ടം!’ എന്ന വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം.

തിരികെ വാങ്ങണം: ബി.ജെ.പി

മുഴുവൻ തുകയും റെയിൽവേയിൽ നിന്ന് തിരികെ ലഭിക്കാൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി അജണ്ടയിൽ ഉൾപ്പെടുത്തി വിഷയവും ചർച്ച ചെയ്യണമെന്ന് ബി.ജെ.പി നേതാക്കളായ രാജേഷ് കുന്നത്തേരി, കെ.എസ്. ബാലകൃഷ്ണൻ, ജി. സുരേഷ് ബാബു തുടങ്ങിയവർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

1.11 കോടി രൂപ റെയിൽ വേയുടെ കൈവശം

റെയിൽവേയ്ക്ക് അടച്ച തുക

പഞ്ചായത്ത് അടച്ച തുക: 66 ലക്ഷം

 എം.എൽ.എ ഫണ്ട് 30 ലക്ഷം

 എം.പി ഫണ്ട്17.5 ലക്ഷം

 ജില്ലാ പഞ്ചായത്ത് 10 ലക്ഷം

 ബ്ളോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം