
കുറുപ്പംപടി: മത്സരിച്ച രണ്ടിനങ്ങളിലും മിന്നും പ്രകടനത്തോടെ ഒന്നാം സ്ഥാനം നേടി മീതിക വെനേഷ്. മിമിക്രി, കഥകളി എന്നിവയിലാണ് മീതിക ഒന്നാമതെത്തിയത്. ചെറായി എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ ബയോമാത്സ് വിദ്യാർത്ഥിനിയായ മീതികയ്ക്ക് നാളെ കേരളനടനത്തിലും മത്സരമുണ്ട്. നാലര വയസുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ മിടുക്കി കഴിഞ്ഞ വർഷമാണ് കഥകളിയിലേക്കും തിരിഞ്ഞത്. കലാമണ്ഡലം വിപിൻ ശങ്കറിന് കീഴിലാണ് പരിശീലനം. കിർമീരവധം കഥയിലെ ധർമപുത്രനും ധൗമ്യ മഹർഷിയും തമ്മിലള്ള രംഗമാണ് അവതരിപ്പിച്ചത്. ചെറായി സ്വദേശി വെനേഷിന്റെയും ലൈബയുടെയും മകളാണ്. ചെറുപ്രായത്തിൽ ടെലിഫിലിമുകളിൽ അഭിനയിച്ച മീതിക 2018ൽ വണ്ടർ ബോയ്സ് എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്