inmecc

കൊച്ചി: സമീപ ഭാവിയിൽ പ്രതിവർഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങൾ കേരളത്തിൽ സാദ്ധ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കുന്നതിനായി ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് (ഇൻമെക്ക്) ഏർപ്പെടുത്തിയ 'സല്യൂട്ട് കേരള 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരം വ്യവസായങ്ങളിലൂടെ പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടാനാകും.

വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്‌നർ ടെർമിനൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്ന വികസന മേഖല ആഗോള വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിന് സംരംഭകർക്ക് ആവേശം പകരും. കേരളത്തിന്റെ സാദ്ധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഗൾഫർ ഗ്രൂപ്പ് സ്ഥാപകൻ പി. മുഹമ്മദ് അലി, ഇൻമെക്ക് ചെയർമാൻ ഡോ.എൻ.എം. ഷറഫുദ്ദീൻ, സെക്രട്ടറി ജനറൽ ഡോ.സുരേഷ്‌കുമാർ മധുസൂദനൻ, ഇൻമെക്ക് കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി യൂനുസ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

വ്യവസായ പ്രമുഖർക്ക് ആദരം

കേരളത്തെ മികച്ച സംരംഭകത്വ സൗഹൃദമാക്കി വളർത്തിയ പ്രമുഖരായ എ.വി.എ മെഡിമിക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. എ.വി അനൂപ്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്, സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ ഡോ. വിജു ജേക്കബ്, വി.കെ. മാത്യൂസ് (ഐ.ബി.എസ് സോഫ്റ്റ്‌വെയർ), ഡോ. കെ.വി. ടോളിൻ (ടോളിൻസ് ടയേഴ്‌സ് ലിമിറ്റഡ്), കെ.മുരളീധരൻ (മുരള്യ, എസ്.എഫ്.സി ഗ്രൂപ്പ്), വി.കെ. റസാഖ് (വി.കെ.സി ഗ്രൂപ്പ്), ഷീല കൊച്ചൗസേപ്പ് (വി സ്റ്റാർ ക്രിയേഷൻസ്), പി.കെ. മായൻ മുഹമ്മദ് (വെസ്റ്റേൺ പ്ലൈവുഡ്‌സ് ലിമിറ്റഡ്) എന്നിവർക്ക് ഇൻമെക്ക് എക്‌സലൻസ് സല്യൂട്ട് പുരസ്‌കാരം കൈമാറി.