കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സംസ്ഥാനതല വിദ്യാഭ്യാസ ജാഥയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്നും നാളെയുമായി നടക്കും. എട്ടാം ക്ലാസിലെ വാർഷിക എഴുത്തു പരീക്ഷയിൽ 30ശതമാനം മാർക്ക് നേടിയാൽ മാത്രമേ ക്ലാസ് കയറ്റം നൽകൂ എന്ന് വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ജാഥ. വരും വർഷങ്ങളിൽ 9, 10 ക്ലാസുകളിലും ഇത് നടപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ശിശുദിനമായ നവംബർ 14ന് ആരംഭിച്ച ജാഥ മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് അവസാനിക്കും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളായ പി. കെ. രവീന്ദ്രൻ, പി.കെ. വാസു, കെ.പി. രവികുമാർ, സി.പി. പോൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.