
കുറുപ്പംപടി: മംഗലംകളി...കേട്ടവർ കേട്ടവർ ആകാംഷയോടെ കാത്തിരുന്ന പുത്തൻ മത്സരയിനമായിരുന്നു മംഗലംകളി. കലോത്സവത്തിൽ ഇത്തവണ ആദ്യമായി ഉൾപ്പെടുത്തിയ മംഗലംകളിയിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി 11 ടീമിനോട് പോരാടി നോർത്ത് പറവൂർ പുല്ലംകുളം എസ്.എൻ എച്ച്.എസ്.എസ് ഒന്നാമതെത്തി.
പാളത്തൊപ്പിയും മുണ്ടും ബ്ലൗസും തോർത്തും ധരിച്ച് എട്ടുപേർ വേദിയിൽ ചുവടുവയ്ക്കും. തുളുവും മലയാളവും കലർന്ന പാട്ട് തുടികൊട്ടി പാടാൻ നാലുപേർ വേറെയും. കണ്ണൂർ സ്വദേശി റംഷി പട്ടുവയാണ് പരിശീലകൻ.
ഗോത്രവർഗ സമൂഹങ്ങളായ മാവിലൻ, മലവേട്ടുവൻ വിഭാഗത്തിൽ പ്രചാരമുള്ള സംഗീത-നൃത്ത രൂപമാണ് മംഗലംകളി. വിവാഹമുൾപ്പടെയുള്ള ആഘോഷ വേളകളിൽ സ്ത്രീകലും പുരുഷന്മാരുമൊന്നിച്ചാണ് മംഗലംകളി അവതരിപ്പിക്കുക. കരിന്തുടിയും പാണത്തുടിയുമാണ് വാദ്യോപകരണങ്ങൾ. ഓരോ പാട്ടിലും ഓരോ കഥകളാണ്.