കൊച്ചി: ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് നിറയെ യാത്രക്കാരുമായി വൈപ്പിനിലേക്ക് പോയ വാട്ടർ മെട്രോ ബോട്ട് ഡി.പി വേൾഡിന് സമീപം മണൽത്തിട്ടയിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. 10 മിനിറ്റോളം ബോട്ട് കുടുങ്ങിയതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. വാട്ടർ മെട്രോയുടെ റെസ്ക്യൂ ബോട്ട് എത്തിച്ചാണ് മെട്രോ ബോട്ടിനെ മണൽത്തിട്ടയിൽ നിന്ന് വലിച്ച് പുറത്തെടുത്തത്. തുടർന്ന് ബോട്ട് വൈപ്പിനിലേക്ക് യാത്ര തുടർന്നു.
എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ബോട്ട് ശരിയായ ദിശയിലൂടെയാണ് പോയതെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. വകുപ്പ് തല അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.