francis-accident-death
ഫ്രാൻസിസ്

പറവൂർ: കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് എ.സി.പി. എ.എ. അഷ്റഫി​ന്റെ ഔദ്യോഗിക വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുത്തൻവേലിക്കര കീഴൂപ്പാടം ചില്ലിട്ടശേരി സി.ടി. ഫ്രാൻസിസ് (79) മരിച്ചു. നവംബർ രണ്ടിന് രാത്രി എട്ടോടെ പുത്തൻവേലിക്കര കീഴൂപ്പാടം സൽബുദ്ധിമാതാ പള്ളിയുടെ മുന്നിലായിരുന്നു അപകടം.

പൊലീസ് വാഹനത്തിൽ ഫ്രാൻസിസിനെ ചാലാക്ക മെഡിക്കൽ കോളേജിലെത്തിച്ചു. പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പള്ളിയിൽനിന്ന് വീട്ടിലേക്ക് പോകാൻ ഫ്രാൻസിസ് റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം. തലയ്ക്കും നട്ടെല്ലിനും കാലിനും പരിക്കേറ്റു. അഷ്റഫാണ് വാഹനം ഓടിച്ചതെന്ന് ഫ്രാൻസിന്റെ വീട്ടുകാർ മൊഴിനൽകിയിരുന്നു. സംഭവത്തിൽ കൊച്ചി സിറ്രി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് നാല് ദിവസം മുമ്പ് കൈമാറിയി​ട്ടുണ്ട്. ഔദ്യോഗിക വാഹനം ഉപയോഗിച്ചതിലടക്കം വീഴ്ചപറ്റിയിട്ടുണ്ടെന്ന് റി​പ്പോർട്ടി​ൽ ഉണ്ടെന്നാണ് സൂചന.

അപകടത്തി​ൽ ആദ്യം പുത്തൻവേലിക്കര പൊലീസ് കേസെടുത്തപ്പോൾ എ.സി.പിയെ പ്രതി ചേർത്തില്ലെന്നും കേസിൽനിന്ന് രക്ഷിക്കാൻ ശ്രമമുണ്ടായെന്നും ഫ്രാൻസിസിന്റെ കുടുംബം ആരോപിച്ചിരുന്നു. പിന്നീടാണ് പ്രതി​യായി​ ചേർത്തത്. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഫ്രാൻസിസിന്റെ കുടുംബത്തിന്റെ തീരുമാനം.

മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കീഴൂപ്പാടം സൽബുദ്ധിമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: തോമസ്, വർഗീസ്, ജോസഫ് (അഡ്വൈസർ, മിനിസിട്രി ഒഫ് അഗ്രിക്കൾച്ചർ, ഡൽഹി), മരുമക്കൾ: ഷൈനി, സിന്ധു, നീലാഞ്ജന.