കൊച്ചി: കരുത്ത്, കരുതൽ. കൊച്ചിതീരം ദക്ഷിണ നാവികസേനയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഒരുവട്ടം കൂടി ഉറപ്പിക്കുന്നതായി പുറങ്കടലിലെ രക്ഷാദൗത്യവും ചെറുത്തുനിൽപ്പും. ഐ.എൻ.എസ് സുജാതയും ഐ.എൻ.എസ് ഷാർദുലും കരുത്തിന്റെ പ്രതീകങ്ങളായി. അഴിമുഖത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരംവരെ നീണ്ടു നാവികദിനാചരണത്തിന്റെ ഭാഗമായി കടൽകൊള്ളക്കാരെ നേരിടുന്നതടക്കം പ്രതീകാത്മകമായി അവതരിപ്പിച്ച രക്ഷാ, സുരക്ഷാ ദൗത്യങ്ങൾ.
ഐ.എൻ.എസ് സുജാത അഴിമുഖം കടക്കവേയായിരുന്നു കടൽക്കൊള്ളക്കാരുടെ ചീറിപ്പാഞ്ഞുള്ള വരവ്. ഡെക്കിൽനിന്ന് ഇതിനകം ക്യാപ്ടന്റെ നിർദ്ദേശമെത്തിയിരുന്നു. തോക്കുകളിൽ നിന്ന് തിരകൾ ഒന്നൊന്നായി കൊള്ളക്കാരുടെ ബോട്ടിനെ ലക്ഷ്യമാക്കിതെറിച്ചു. ജീവനുംകൊണ്ട് കൊള്ളക്കാർ പമ്പകടന്നു. ഇതിനിടെ, ഐ.എൻ.എസ് ഷാർദുൽ ' പ്രതീകാത്മകമായി ആക്രമിക്കപ്പെട്ടെന്ന'വിവരമെത്തി. പിന്നീട് പുറങ്കടലിൽ ആക്രമിക്കെപ്പട്ട കപ്പൽ രക്ഷപ്പെടുത്തുന്ന ടോയിംഗ് അവതരിപ്പിച്ചു. ആകാശമാർഗം ആക്രമമുണ്ടായാക്കുമെന്ന മുന്നറിയിപ്പിൽ നിമിഷങ്ങൾക്കകം ആന്റി എയർക്രാഫ്റ്റ് സജ്ജം.
180 ഡിഗ്രിൽ തിരിയാനും ശത്രുവിമാനങ്ങളെ വെടിവച്ചിടാനും കെൽപ്പുണ്ട് ആന്റി എയർക്രാഫ്റ്റിന്. എയർക്രാഫ്റ്റും ലക്ഷ്യത്തിലേക്ക് പ്രതീകാത്മകമായി നിറകളൊഴിച്ചു. കുതിച്ചുപായുന്ന ഐ.എൻ.എസ് സുജാതയിലേക്ക് ചേതക്ക് ഹെലികോപ്ടർ തൊട്ടുരുമ്മി പറക്കുകയും അവശ്യസാധനങ്ങൾ നൽകി മടങ്ങുകയും ചെയ്യുന്നകാഴ്ച അമ്പരപ്പിച്ചു. പിന്നാലെ അസുഖബാധിതരെയും ആയുധങ്ങളുംമറ്റും മറ്റൊരു നാവികകപ്പലിലേക്ക് മാറ്റുന്ന സ്മാൾ ജാക്ക് സ്റ്റേയും ആകാംക്ഷയുണർത്തി. നാവികക്കപ്പലുകൾക്കൊപ്പം ഡോണിയർ വിമാനങ്ങളും ഹെലികോപ്ടറുകളും നിശ്ചിതഇടവേളകളിൽ പുറങ്കടലിൽ വട്ടമിട്ടുപറന്നത് നേവിയുടെ കൈയിൽ കൊച്ചിതീരും ഭദ്രമെന്ന് ഉറപ്പിക്കുന്ന കാഴ്ചയായി.