pic
എച്ച്.എസ് വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം പവിത്ര മനോജ്, ഹോളി ഫാമിലി എച്ച്.എസ്, അങ്കമാലി

കുറുപ്പംപടി: മാതാപിതാക്കളുടെ കഷ്ടപ്പാടിനും പരാധീനതകൾക്കും അറുതി വരുത്തണേയെന്ന പ്രാർത്ഥനയോടെ, മാളികപ്പുറത്തമ്മ മഹിഷിയായി മാറിയ കഥയ്‌ക്ക് മോഹിനിയാട്ട വേദിയിൽ ചുവടു വച്ച പവിത്രയ്ക്ക് ഒന്നാം സ്ഥാനം. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിക്കുന്ന അങ്കമാലി ഹോളിഫാമിലി എച്ച്.എസിലെ പവിത്ര മനോജ് നൃത്തഗുരുക്കന്മാരുടെ കരുണയിലാണ് ഇത്തവണയും കലോത്സവത്തിനെത്തിയത്.

മരപ്പണിക്കാരനായ അച്ഛൻ മനോജ് കുടുംബം മുന്നോട്ട് നയിക്കാൻ പെടുന്ന പെടാപ്പാട് അറിയുന്ന പവിത്രയുടെ ഗുരുക്കന്മാരായ ആർ.എൽ.വി സുബേഷും കലാക്ഷേത്ര അമൽനാഥും ഫീസ് വാങ്ങാതെയാണ് പഠിപ്പിക്കുന്നത്. അവർക്കുള്ള ഗുരുദക്ഷിണകൂടിയായി ഈ നേട്ടം.

രണ്ട് മക്കളുടെ പഠനത്തിനും വീട്ടുചെലവുകൾക്കും മറ്റുമുള്ള സാമ്പത്തികഭാരം അച്ഛനു താങ്ങാനാകാതെ വന്നപ്പോൾ നൃത്തപഠനം തുടരാനാകുമോ എന്നു പോലും പവിത്ര ശങ്കിച്ചു. അവിടെ നിന്നാണ് ഗുരുക്കന്മാർ അവളെ സ്വപ്‌ന നേട്ടത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയത്.

കഠിനാധ്വാനിയായ പവിത്ര രാത്രി വൈകിയും സ്വയം പരിശീലിക്കാറുണ്ടെന്ന് ഗുരുക്കന്മാർ പറഞ്ഞു. അറിയപ്പെടുന്ന നർത്തകിമാരുടെ നൃത്തവീഡിയോകൾ കണ്ടും പഠിക്കും. ഫോക് ഡാൻസ് പരിശീലിക്കുന്ന പവിത്ര പാട്ടും പഠിച്ചിട്ടുണ്ട്.

മോഹിനിയാട്ടത്തിനു പുറമേ ഭരതനാട്യത്തിലും മാറ്റുരയ്‌ക്കുന്ന പവിത്രയെ എത്ര കടം വാങ്ങേണ്ടി വന്നാലും സംസ്ഥാന കലോത്സവത്തിന് അയയ്‌ക്കുമെന്ന് അച്ഛൻ മനോജും അമ്മ ഷൈജിയും പറഞ്ഞു. പവിത്രയുടെ ചേച്ചി പാർവതിയും നർത്തകിയായിരുന്നു.