eco
കളക്ടറേറ്റിൽ ജൈവ പച്ചക്കറി വിപണനം നടത്തുന്ന ആയവന ഭാഗ്യശ്രീ ഇക്കോ ഷോപ്പ് സൊസൈറ്റി

കാക്കനാട്: കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ ആയവന ഭാഗ്യശ്രീ ഇക്കോഷോപ്പ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജൈവ പച്ചക്കറി വിപണി ജനപ്രിയമാകുന്നു. ആഴ്ചയിൽ രണ്ടുതവണയാണ് ഈ കൊച്ചുചന്ത. വിഷരഹിതമായ പച്ചക്കറികളും പഴവർഗങ്ങളും കർഷകരിൽ നിന്ന് നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഇക്കോഷോപ്പ് സൊസൈറ്റിക്കുള്ളത്. കളക്ടറേറ്റ് ജീവനക്കാരും സന്ദർശകരും ആണ് പ്രധാന ഉപഭോക്താക്കൾ. അച്ചിങ്ങ, പടവലം, തക്കാളി, ഏത്തക്ക, ഞാലിപ്പൂവൻ, പൈനാപ്പിൾ, പപ്പായ, വിവിധയിനം മുളകുകൾ, ചുരക്ക, കപ്പ തുടങ്ങി 25 ഓളം തരം പച്ചക്കറികളും പഴവർഗങ്ങളും ഇവിടെ വില്പനയ്ക്കെത്തുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള മൂവാറ്റുപുഴ ആഗ്രി ഫ്രഷിന്റെ വാഹനം പച്ചക്കറികൾ എത്തിക്കാൻ സൊസൈറ്റിക്ക് വിട്ടുകൊടുത്തിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളായ മാത്യു കാവക്കാട്, ജോസ് കൊച്ചുമറ്റം എന്നിവരാണ് നേതൃത്വം നൽകുന്നത്. വിപുലമായ രീതിയിൽ പച്ചക്കറികളും പഴവർഗങ്ങളും ജില്ലയിലെ പല ഭാഗങ്ങളിലും വിപണനം നടത്താനുള്ള ശ്രമത്തിലാണ് സൊസൈറ്റി.

വിപണനം നടത്തി കിട്ടുന്ന തുക കർഷകർക്ക് വിപണി മൂല്യത്തെക്കാൾ കൂടുതലായി നൽകുന്നുണ്ട്. ബാക്കി വരുന്ന തുക കാർഷിക ഉന്നമനത്തിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കും

സജീവ് ജോൺ

പ്രസിഡന്റ്

ഇക്കൊഷോപ്പ് സൊസൈറ്റി

ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരത്തിലുള്ള ജൈവ പച്ചക്കറി വിപണത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും കളക്ടറേറ്റ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകും

വിജീഷ് ചന്ദ്രൻ

എക്സിക്യുട്ടീവ് അംഗം

സ്റ്റാഫ് കൗൺസിൽ