
കൊച്ചി: വഖഫ് ഭൂമി പ്രശ്നത്തിൽ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പാർട്ടി നേതൃഹയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിൽ വഖഫ് ബില്ലിനെ അനുകൂലിക്കാത്ത കേരളത്തിലെ എം.പിമാരുടെ ഓഫീസുകളിലേക്ക് ബി.ജെ.പി മാർച്ച് നടത്തും.
വഖഫിന്റെ പേരിൽ ആരെയും കുടിയൊഴിപ്പിക്കാമെന്ന സാഹചര്യമാണ് കേരളത്തിൽ. വഖഫ് ബില്ലിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം കേരളത്തിനെതിരാണ്. ഇത് പിൻവലിക്കണം. തദ്ദേശ വാർഡ് പുനർവിഭജനത്തിൽ വ്യാപകമായ ക്രമക്കേടുണ്ട്. ജില്ലാ ഭരണകൂടങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെയാണിത്. യു.ഡി.എഫിനും ഇക്കാര്യത്തിൽ മൗനമാണ്. രാഷ്ട്രീയമായും നിയമപരമായും ഈ നീക്കത്തെ ബി.ജെ.പി. ചെറുക്കും.
പാലക്കാട് ചർച്ചയായില്ല
ബി.ജെ.പി നേതൃയോഗത്തിൽ പൊട്ടിത്തെറികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പോ പാലക്കാട്ടെ പാർട്ടിയിലെ സംഘർഷങ്ങളോ ചർച്ചയായില്ല. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറും സഹപ്രഭാരി അപരാജിത സാരംഗിയും യോഗത്തിൽ ഉണ്ടായിരുന്നില്ല. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവരുടെ അഭാവവും ശ്രദ്ധിക്കപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബൂത്ത് റിപ്പോർട്ടുകൾ വന്നശേഷം ഡിസംബർ 7, 8 തീയതികളിൽ കൊച്ചിയിൽ പാർട്ടി നേതൃയോഗം വീണ്ടും ചേരും.
സംഘടനാ തിരഞ്ഞെടുപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ബൂത്ത്, മണ്ഡലം പുന:സംഘടന ഡിസംബറിൽ നടക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജില്ലാ - സംസ്ഥാന പുന:സംഘടന നടക്കും.