
കുറുപ്പംപടി: കാണികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ രണ്ടാം ദിനം...ഇശലിന്റെ താളവും ഒപ്പനയുടെ മൊഞ്ചും ഒപ്പം അരങ്ങു തകർത്ത അഭിനയവും മോഹിനിയാട്ടവും അറബനയും ദഫും മാപ്പിളപ്പാട്ടുമെല്ലാം മികവേറ്റിയ ആഘോഷമായിരുന്നു ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം. ഒന്നിനൊന്ന് മികച്ച പോരാട്ടങ്ങൾ നിരനിരയായെത്തിയതോടെ രണ്ടാം ദിനത്തിലും പോയിന്റുനില ഇഞ്ചോടിഞ്ചായി. ആലുവയും എറണാകുളവും തമ്മിലാണിപ്പോൾ കിരീടപ്പോരാട്ടം. സ്കൂളുകളിൽ മുന്നിലുള്ള വിദ്യാധിരാജ വിദ്യാഭവന്റെ ചിറകിലേറി കുതിപ്പ് തുടരുന്ന ആലുവയ്ക്ക് 367 പോയിന്റുണ്ട്, ആദ്യദിനം അഞ്ചാമതായിരുന്ന നിലവിലെ ചാമ്പ്യൻമാരായ എറണാകുളം ഇന്നലെ 355 പോയിന്റുമായി ആലുവയ്ക്ക് തൊട്ടുപിന്നിലെത്തി. 344 പോയിന്റുള്ള നോർത്ത് പറവൂരിനെ പിന്തള്ളി, ആതിഥേയരായ പെരുമ്പാവൂർ 348 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 337 പോയിന്റുള്ള കോതമംഗലമാണ് അഞ്ചാമത്.
സ്കൂൾ വിഭാഗത്തിൽ ആലുവ വിദ്യാധിരാജക്ക് 135 പോയിന്റുണ്ട്. 106 പോയിന്റോടെ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്ത് തുടരുന്നു.കോലഞ്ചേരി മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്, 101 പോയിന്റ്. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് 98 പോയിന്റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറി.
അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ, വൈപ്പിൻ, മട്ടാഞ്ചേരി, നോർത്ത് പറവൂർ ഉപജില്ലകൾക്ക് 15 പോയിന്റ് വീതുമുണ്ട്. 30 പോയിന്റോടെ ഹൈസ്കൂൾ വിഭാഗത്തിൽ കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, കോലഞ്ചേരി, ആലുവ ഉപജില്ലകളാണ് മുന്നിട്ട് നിൽക്കുന്നത്.
സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 45 പോയിന്റുമായി ആലുവ ഉപജില്ലയാണ് മുന്നിൽ. യു.പി വിഭാഗത്തിൽ 50 പോയിന്റുമായി എറണാകുളം, നോർത്ത് പറവൂർ, പെരുമ്പാവൂർ ഉപജില്ലകൾ ഒന്നാം സ്ഥാനം പങ്കിടുന്നു. ഇന്ന് ഒന്നാം വേദിയിൽ നിശ്ചയിച്ച തിരുവാതിര മത്സരങ്ങൾ ഏഴാം വേദിയിലേക്ക് മാറ്റിയിട്ടുണ്ട്. വേദി ഏഴിൽ നടക്കേണ്ടിയിരുന്ന ഹൈസ്കൂൾ നാടകം, ഹയർസെക്കൻഡറി മൂകാഭിനയം മത്സരങ്ങൾ വേദി ഒന്നിലാകും ഇന്ന് നടക്കുക.സമയക്രമത്തിൽ മാറ്റമില്ല.