കൊച്ചി: കളമശേരി കൂനംതൈയിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരി പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാമിനെ (50) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തൃക്കാക്കര സ്വദേശി ഗിരീഷ് ബാബു സംഭവദിവസം ഉപയോഗിച്ച ഹെൽമെറ്റ് പൊലീസ് കണ്ടെടുത്തു. ഗിരീഷിനെ കസ്റ്റഡിയിൽ വാങ്ങി കാക്കനാട് മൈത്രീയപുരത്തെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകളിലൊന്നായ ഹെൽമെറ്റ് കണ്ടെടുത്തത്.
ആദ്യദിവസത്തെ പരിശോധനയിൽ ജെയ്‌സിയെ തലയ്ക്കടിച്ച് കൊല്ലാൻ ഉപയോഗിച്ച ഡംബൽ, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രം, ഉപയോഗിച്ച ബൈക്ക്, ജുവലറിയിൽ സ്വർണം വിറ്റതിന്റെ രേഖ, സ്വർണം വിറ്റു കിട്ടിയ 1,00,006 രൂപ എന്നിവ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു രണ്ടാംവട്ട തെളിവെടുപ്പ്.
കൊലപാതകത്തിനു ശേഷം സ്വന്തംവീട്ടിൽ എത്തിയ പ്രതി ഹെൽമെറ്റ് ഒളിപ്പിച്ചശേഷം രക്തംപുരണ്ട നഖങ്ങൾ വെട്ടിയിരുന്നു. നഖം ഉപേക്ഷിച്ച സ്ഥലം പൊലീസിനെ കാണിച്ചുകൊടുത്തു. ഫൊറൻസിക്ക് വിഭാഗം ഇവിടെ നിന്ന് നഖത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി.
ഇന്ന് ജെയ്‌സിയുടെ അപ്പാർട്ട്‌മെന്റിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കും. ആക്രി പെറുക്കാനെന്ന രീതിയിലെത്തിയാണ് പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. സ്വർണവും പണവും കൈക്കലാക്കാനാണ് ഗിരീഷും കാമുകി ഖദീജയും ഗൂഢാലോചന നടത്തി ജെയ്സിയെ വകവരുത്തിയത്.