
കൊച്ചി: സിനിമാരംഗത്തെ പീഡനങ്ങളിൽ പരാതി നൽകിയവർക്ക് ഭീഷണി സന്ദേശങ്ങളും ഫോൺ വിളികളും ലഭിക്കുന്നതായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ളിയു.സി.സി) ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ പരാതി നൽകാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) നോഡൽ ഓഫീസറെ നിയമിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
നോഡൽ ഓഫീസറുടെ പേരും ഫോൺ നമ്പറും പരസ്യപ്പെടുത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിന്റേതാണ് നിർദ്ദേശം.
നോഡൽ ഓഫീസറുടെ നിയമനം, പുതിയ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് എസ്.ഐ.ടി കോടതിയിൽ സമർപ്പിക്കണം. വിഷയം ഡിസംബർ 11ന് വീണ്ടും പരിഗണിക്കും. അന്വേഷണസംഘത്തിലെ എ.ഐ.ജി പൂങ്കുഴലിയടക്കം കോടതിയിൽ ഹാജരായി അന്വേഷണപുരോഗതി വിശദീകരിച്ചു. റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിച്ചു. എസ്.ഐ.ടിക്ക് പരാതി നൽകിയ ചമയകലാകാരികളെ ബന്ധപ്പെട്ട സംഘടന ഷോക്കോസ് നോട്ടീസ് നൽകി സമ്മർദ്ദത്തിലാക്കിയെന്ന പരാതി, കോടതിക്ക് മുന്നിൽ രേഖകൾ എത്താത്തതിനാൽ പിന്നീട് പരിഗണിക്കാൻ മാറ്റി.
നിർദ്ദേശങ്ങൾ സമർപ്പിച്ചു
സിനിമാ നയരൂപീകരണവുമായി ബന്ധപ്പെട്ട ഷാജി എൻ.കരുൺ കമ്മിറ്റിക്ക് 75 സംഘടനകളും 500 വ്യക്തികളും നിർദ്ദേശങ്ങൾ സമർപ്പിച്ചതായി സർക്കാർ അറിയിച്ചു. ഇവ ക്രോഡീകരിച്ച് ജനുവരിയിൽ സിനിമാ കോൺക്ലേവിൽ ചർച്ചചെയ്യും. കോൺക്ലേവിലെ തീരുമാനങ്ങൾ കൂടി ചേർത്ത് സർക്കാരിന് കരടുനയം സമർപ്പിക്കും.