
കൊച്ചി: എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും യു.ഡി.എഫിന് പാലക്കാട് വോട്ട് ചെയ്‌തെന്നു പറയുന്നതിലൂടെ സി.പി.എം സ്വയം പരിഹാസ്യരാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ബി.ജെ.പിയുടെ വോട്ടാണ് കുറഞ്ഞത്. കഴിഞ്ഞ തവണ ഇ. ശ്രീധരന് പോയ വോട്ടാണ് ഇത്തവണ യു.ഡി.എഫിന് കിട്ടിയത്. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും പിന്തുണച്ചിട്ടുണ്ടെന്ന് പാർട്ടി സെക്രട്ടറിയായപ്പോൾ പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിനൊപ്പമായാൽ മതേതരവാദികളും പുറത്തിറങ്ങിയാൽ വർഗീയവാദികളുമാകും. എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ട്. എല്ലായിടത്തും സി.പി.എമ്മിന് വോട്ട് കുറഞ്ഞു. എന്നിട്ടാണ് ഭരണവിരുദ്ധ വികാരമില്ലെന്നു പറയുന്നതെന്നും സതീശൻ വ്യക്തമാക്കി.