
കുറുപ്പംപടി: മുല്ലപ്പൂവും കറുകപ്പുല്ലും ചൂടി ചേലചുറ്റി മേൽക്കെട്ട് കെട്ടി കൈകളിൽ ഞാറുമായി വിദ്യാർത്ഥികളെത്തി. വയനാടൻ ഗോത്ര സമൂഹത്തിൽ കേട്ട് പഴകിയ നാട്ടു പാട്ടിന്റെ ശീലുകൾ മുഴങ്ങി. വിളവെടുപ്പിന്റെ സന്തോഷം നടപ്പിലും ചേലിലും ആവാഹിച്ച് അവർ പണിയ നൃത്തത്തിൽ ചുവടു വച്ചു.
വയനാടൻ ഗോത്ര സമൂഹങ്ങളിൽ വിളവെടുപ്പ് ആഘോഷം റവന്യൂ ജില്ലാ കലോത്സവത്തിലെ പുത്തൻ കാഴ്ചയായ പണിയ നൃത്തം നിറഞ്ഞ സദസിൽ അരങ്ങേറി.
വയനാട്ടിലെ പണിയ സമുദായം ആഘോഷവേളകൾ ആനന്ദകരമാക്കുന്ന കലാരൂപമാണ് പണിയ നൃത്തം. കമ്പളനാട്ടി, വട്ടക്കളി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് പണിയനൃത്തം അരങ്ങിലെത്തുന്നത്.
വയലിൽ പണിയെടുക്കുന്ന സ്ത്രീകളുടെ ജോലി എളുപ്പമാക്കുന്നതിന് പുരുഷന്മാർ താളത്തിൽ പാട്ട് പാടുന്ന കമ്പളനാട്ടി ആഘോഷ വേളകളിൽ തുടിതാളത്തിൽ ചീനിക്കുഴലൂതി പുരുഷന്മാർ പാടുകയും സ്ത്രീകൾ ആടുകയും ചെയ്യുന്ന വട്ടക്കളി. എന്നിവയൊരുമിപ്പിച്ചാണ് കുട്ടിക്കൂട്ടങ്ങളെല്ലാം പണിയനൃത്തം വേദിയിലെത്തിച്ചത്.
12 പേരുള്ള എട്ട് ടീമുകൾ മത്സരിച്ച ഹൈസ്‌കൂൾ വിഭാഗത്തിൽ എടവനക്കാട് എസ്.ഡി.പി.വൈ എച്ച്.എസും നാല് ടീമുകൾ മത്സരിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ നോർത്ത് പറവൂർ എസ്.എൻ എച്ച്.എസ്.എസുമാണ് വിജയികൾ.