
കുറുപ്പംപടി: ഹയർ സെക്കൻഡറി വിഭാഗം വയലിനിൽ നോർത്ത് പറവൂർ പുല്ലംകുളം എസ്.എൻ എച്ച്.എസ്.എസിലെ പ്ലസ് ടുക്കാരൻ പി.പി. ദേവദത്ത് നേടിയ ഒന്നാം സ്ഥാനം അച്ഛനും പ്രശസ്ത വയലിനിസ്റ്റുമായ പ്രസാദ് വരാപ്പുഴയ്ക്കുള്ള ഗുരുദക്ഷിണ. തുടർച്ചയായ മൂന്നാം വട്ടവും ഒന്നാമതെത്തി തന്റെ അവസാന സ്‌കൂൾ കലോത്സവം ഈ മിടുക്കൻ അവിസ്മരണീയമാക്കി. സംസ്ഥാന തലത്തിൽ കഴിഞ്ഞ രണ്ടു വർഷവും എ ഗ്രേഡ് നേടിയിരുന്നു. ഒന്നാം ക്ലാസ് മുതൽ മകനെ പ്രസാദ് വയലിനിലേക്കെത്തിച്ചു. അച്ഛനുണ്ടാക്കിയ വയലിനിലാണ് ദേവദത്ത് പരിശീലനം തുടങ്ങിയത്. ഇപ്പോൾ അച്ഛനൊപ്പം പരിപാടികൾക്കും പോകാറുണ്ട്. വട്ടപ്പാട്ടിലും ശാസ്ത്രീയ സംഗീതത്തിലും വൃന്ദവാദ്യത്തിലും ദേവദത്തിന് മത്സരം ബാക്കിയുണ്ട്. ഡിഗ്രി വിദ്യാർത്ഥിനിയായ സഹോദരി മീനാക്ഷി വയലിനിസ്റ്റും ഡാൻസറുമാണ്. സജിതയാണ് അമ്മ.