
അങ്കമാലി: അങ്കമാലി നഗരസഭയിൽ നായത്തോട് 17-ാംവാർഡിലെ ഒരു കുളത്തിലേക്കുള്ള വഴി കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. മുൻകാലങ്ങളിൽ നെൽകൃഷി ആവശ്യങ്ങൾക്ക് സുലഭമായി വെള്ളം നൽകിക്കൊണ്ടിരുന്ന പാണാട്ടുകുളത്തിലേക്കുള്ള വഴിയാണ് ആളുകൾ കണ്ടെത്താൻ ശ്രമിക്കുന്നത്. കിണറുകളിലേക്ക് നീരുറവ ലഭിച്ചിരുന്നതിനാൽ പ്രദേശത്തെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസുമായിരുന്നു ഇവിടം. എന്നാൽ, ഇന്ന് ഈ പൊതുകുളം മാലിന്യം നിറഞ്ഞ് ശ്വാസം കിട്ടാതെ പിടയുകയാണ്. വശങ്ങളിൽ നിന്ന് മണ്ണിടിഞ്ഞും പായലും കുളവാഴയും നിറഞ്ഞും വർഷങ്ങളായി ഈ കുളം ഉപയോഗശൂന്യമായി കിടക്കുകയാണ്. കുളം ഉപയോഗ യോഗ്യമാക്കാൻ ആവശ്യമായ നടപടികൾ നഗരസഭ അധികാരികളുടെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കുളം നഗരസഭാ രേഖകളില്ല
കുളത്തിലേക്ക് നിലവിൽ വഴിയില്ലാത്ത സ്ഥിതിയാണ്. നേരത്തെ ഉണ്ടായിരുന്ന വഴിച്ചാലുകൾ പലരും കൈയ്യേറിയെന്നാണ് വിവരം. നഗരസഭയുടെ ആസ്തി രേഖകളിൽ കുളം ഉൾപ്പെട്ടിട്ടില്ല. അങ്കമാലി വില്ലേജ് രേഖകളിൽ ഈ കുളം ഉണ്ട്. അതിൽ നിന്ന് കുളത്തിലേക്കുള്ള വഴി കണ്ടെത്തി കുളം ശുദ്ധീകരിച്ച് പഴയ രീതിയിലേക്ക് തിരികെ കൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കുളം സംരക്ഷിക്കണം
സംരക്ഷണ ഭിത്തികൾ കെട്ടണം
 ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യണം
കുളത്തിലേക്കുള്ള വഴി വെട്ടണം
പൊതുകുളങ്ങളും മറ്റു ജലസ്രോതസുകളും സംരക്ഷിക്കാനുള്ള സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തണം. മണ്ണും പായലും നീക്കം ചെയ്ത് ഭിത്തി കെട്ടി കുളം നഗരസഭ സംരക്ഷിക്കണം. ഈ പ്രദേശത്തെ കുടിവെള്ള കിണറുകളിൽ ഉറവ നിലനിർത്താൻ ഇത് ഏറെ പ്രയോജനം ചെയ്യും
ബിജു പൂവേലി
ബ്ലോക്ക് സെക്രട്ടറി
കോൺഗ്രസ് ഐ
നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ കുളം ഉണ്ടോ എന്ന് പരിശോധിക്കണം. വർഷങ്ങളായി കുളം ഉപയോഗശൂന്യമായാണ് കിടക്കുന്നത്. വില്ലേജ് രേഖകൾ പരിശോധിച്ചാൽ മാത്രമെ കുളത്തിലേക്കുള്ള വഴിയെ സംബന്ധിച്ച് അറിയാൻ കഴിയൂ. ജലസ്രോതസുകൾ സംരക്ഷിക്കാൻ എല്ലാ ശ്രമവും നടത്തും.
ടി.വൈ.ഏല്യാസ്
കൗൺസിലർ 17-ാം വാർഡ്