photo

വൈപ്പിൻ: വഖഫ് ബോർഡിന്റെ നോട്ടീസിനെ തുടർന്ന് വർഷങ്ങളായി താമസിക്കുന്ന ഭൂമിയിൽ നിന്ന് ഇറക്കിവിടൽ ഭീഷണിയിൽ കഴിയുന്ന മുനമ്പത്തെ 600 ഓളം കുടുംബങ്ങളിൽ ചെറിയ കൂരയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുമുണ്ട്. മാരാത്ത് പരേതനായ മണിയുടെ ഭാര്യ സരസു (64) ആണ് വഖഫ്‌ബോർഡിന്റെ ഇരകളിൽ ഒരാൾ.
രണ്ട് പെൺമക്കളാണ് സരസുവിന്. ഇളയമകൾ വിജി വിവാഹിതയായി അഴീക്കോടാണ് താമസം. മൂത്തമകൾ ഷിജിക്ക് ആകെയുളള പത്ത് സെന്റിൽ നിന്ന് 5 സെന്റ് നല്കി. ബാക്കി 5 സെന്റിലാണ് സരസുവിന്റെ കുടിൽ. ഷീറ്റ് വിരിച്ച മേൽക്കൂരയും വശങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിമറച്ചുള്ള ഒറ്റമുറി കുടിലിലാണ് സരസുവിന്റെ താമസം.
വഖഫ് ബോർഡിന്റെ ഭീഷണിയെതുടർന്ന് നാട്ടിൽ നടക്കുന്ന സമരങ്ങളും കോലാഹലങ്ങളുമൊന്നും ഈ വയോധിക അറിഞ്ഞിട്ടില്ല. അമ്മയിൽ നിന്ന് കിട്ടിയ 5 സെന്റിൽ ലൈഫ് പദ്ധതി പ്രകാരം വീട് വച്ചിട്ടുണ്ട് മകൾ ഷിജി. ഇവരും അമ്മയെപ്പോലെ തന്നെ ഇറക്കിവിടൽ ഭീഷണിയിലാണ്.

ബാങ്ക് വായ്പ മുടങ്ങി, ചികിത്സ നിലച്ചു

മണിയുടെ ബന്ധുവും അയൽവാസിയുമായ മുണ്ടാശ്ശേരി പ്രദീപിന് അല്പം സൗകര്യമുള്ള വീടുണ്ട്. എങ്കിലും വഖഫ് ബോർഡിന്റെ ചതിയിൽപ്പെട്ട് പ്രദീപിന്റെ മകൻ പ്രവീണിന്റെ ചികിത്സ മുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. പ്രദീപും മകൻ പ്രവീണും രണ്ട് സന്ദർഭങ്ങളിലായി റോഡ് അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായി. നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കായി പ്രവീണിന് ആറ് ലക്ഷത്തിൽപ്പരം രൂപ ചെലവായി. ചികിത്സ തുടരാനായി വീട് ഈട് വച്ച് ബാങ്കുവായ്പ തരപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, വഖഫ് ബോർഡിന്റെ നോട്ടീസ് വന്നതോടെ ബാങ്ക് വായ്പ തടസപ്പെട്ടു. പ്രവീണിന്റെ കാലിൽ ഇട്ടിരിക്കുന്ന സ്റ്റീൽ കമ്പികൾ എടുത്ത് മാറ്റേണ്ട സമയം കഴിഞ്ഞിട്ടും പണമില്ലാത്തതോടെ ചികിത്സ മുടങ്ങി.
62 കാരനായ പ്രദീപിന് 5 വയസ്സുള്ളപ്പോഴാണ് അച്ഛൻ ഇവിടെ താമസം തുടങ്ങിയത്. പിന്നീട് 1988ൽ 12 സെന്റ് ഭൂമി കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് വിലക്ക് വാങ്ങി. വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ 2022 ജനുവരി 13ലെ ഉത്തരവ് പ്രകാരം ഈ വസ്തുവിനും കരമടക്കൽ അവകാശം നഷ്ടമായി. തുടർന്നാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്.
മുനമ്പം ഭൂപ്രശ്‌നം പരിഹരിക്കുന്നതിന്റെ തുടക്കമായി സർക്കാർ പ്രഖ്യാപിച്ച ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനങ്ങളും ശുപാർശകളും ഉറ്റ് നോക്കിയിരിക്കുകയാണ് മുനമ്പത്തെ 600 ഓളം കുടുംബങ്ങളോടൊപ്പം പ്രദീപും.

ഇപ്പോൾ നടന്നു വരുന്ന റിലേ നിരാഹാരം പ്രശ്‌നം പൂർണമായി പരിഹരിക്കുന്നത് വരെ തുടരും. ജൂഡീഷ്യൽ കമ്മീഷന്റെ ടേംസ് ഒഫ് റഫറൻസ് നിശ്ചയിക്കുമ്പോൾ ഞങ്ങളെ കൂടി കേൾക്കണമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.
ഫാ.ആന്റണി സേവ്യർ

വികാരി

വേളാങ്കണ്ണിപള്ളി, മുനമ്പം