തൃപ്പൂണിത്തുറ: ജീവിതാഭിലാഷങ്ങൾ നേടിയെടുക്കാനുള്ള അഭിനിവേശം ലഹരിയായി മാറിയാൽ സമൂഹത്തിന് വേണ്ടപ്പെട്ടവരായി മാറാൻ ഏവർക്കും കഴിയുമെന്ന് എറണാകുളം അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാർ പറഞ്ഞു.

ലഹരിക്കെതിരെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി കേരളകൗമുദി ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന 'ബോധപൗർണമി" ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരിവസ്തുക്കൾ മാത്രമല്ല, മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും വിദ്യാർത്ഥികൾക്ക് ഹാനികരമാണെന്നും ബോധപൗർണമി എന്ന പദ്ധതിയിലൂടെ കേരളകൗമുദി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും രാജ്കുമാർ പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ ക്ലാസും അദ്ദേഹം നയിച്ചു.

പ്രലോഭനങ്ങൾക്കെതിരെ ജാഗ്രത പുലർത്താനും രക്ഷിതാക്കളുടെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാനും തിരിച്ചടികളിൽ നിന്ന് സ്വയം കരുത്തുറ്റവരാകാനും മുഖ്യപ്രഭാഷണത്തിൽ കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ വിദ്യാർത്ഥികളെ ഉപദേശിച്ചു.

സ്കൂൾ ഹാളിൽ നടന്ന സെമിനാറിൽ എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഒ.വി. സാജു സ്വാഗതവും ശാഖാ സെക്രട്ടറി ഡി. ജിനുരാജ് നന്ദിയും പറഞ്ഞു.