കാലടി: സി.പി.എം അങ്കമാലി ഏരിയ സമ്മേളനം നാളെ തുടങ്ങി ഡിസംബർ 2 ന് അവസാനിക്കും. കാഞ്ഞൂർ മെഗസ് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള കെ.പൊന്നപ്പൻ നഗറിലാണ് പ്രതിനിധി സമ്മേളനം. ഡിസംബർ 2ന് പുതിയേടത്ത് എം.സി.ജോസഫൈൻ നഗറിൽ പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പതാക, കൊടിമര, ദീപശിഖാ ജാഥകൾ 29 ന് നടക്കും. പതാക ജാഥ പാറക്കടവിൽ നിന്ന് തുടങ്ങും. കെ.പി. റെജീഷ് ക്യാപ്റ്റനാകും. കൊടിമര ജാഥ ജില്ലാ കമ്മിറ്റിയംഗം കെ. തുളസി ഉദ്ഘാടനം ചെയ്യും. ജീമോൻ കുര്യൻ ക്യാപ്റ്റനാകും. ദീപശിഖാ ജാഥ പാറപ്പുറത്ത് മുൻ കാലടി ഏരിയാ സെക്രട്ടറി കെ.പൊന്നപ്പന്റെ വസതിയിൽ വൈകിട്ട് 3ന് ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്യും. ടി.ഐ.ശശി ക്യാപ്റ്റനാകും. മൂന്ന് ജാഥകളും 6ന് കാഞ്ഞൂർ ടൗണിൽ സംഗമിച്ച് സമ്മേളന നഗരിയിലേക്കെത്തിക്കും. കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി.ബിനോയ്, മുതിർന്ന നേതാക്കളായ സി.കെ.ഉണ്ണികൃഷ്ണൻ, വി.വി.രാജൻ എന്നിവർ ചേർന്ന് ജാഥകളെ സ്വീകരിക്കും. സമ്മേളന നഗരിയിൽ ജില്ലാ കമ്മിറ്റിയംഗം സി.കെ.സലിംകുമാർ പതാക ഉയർത്തും. 30 ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം.ദിനേശ്‌മണി, ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം.പി.പത്രോസ്, സി.ബി.ദേവദർശനൻ എന്നിവർ പങ്കെടുക്കും. ഡിസംബർ 2 ന് സമാപനം കുറിച്ചുകൊണ്ട് സമ്മേളനത്തിന് റെഡ് വളണ്ടിയർ പരേഡും ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.കെ.ഷിബു, സി.കെ. സലിംകുമാർ, കെ.പി. ബിനോയ്, പി.അശോകൻ എന്നിവരുടെ നേതൃത്വത്തിൽ സംഘാടന പ്രവർത്തനം നടത്തി വരുന്നു.