
കൊച്ചി: വിജയത്തുടർച്ച തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ വീണ്ടും ഇറങ്ങും. കരുത്തരായ എഫ്.സി ഗോവയാണ് എതിരാളികൾ. മത്സരം രാത്രി 7.30ന്. ഞായറാഴ്ച നടന്ന സതേൺ ഡെർബിയിൽ ചെന്നൈയിനെതിരെ 3-0ത്തിന്റെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. സമാനമായ വിജയമാണ് എട്ടാം സ്ഥാനത്തുള്ള മഞ്ഞപ്പട ലക്ഷ്യമിടുന്നത്.
ചെന്നൈയിൻ എഫ്.സിക്ക് എതിരെ ഇറങ്ങിയ ടീമിൽ കാര്യമായ മാറ്റം കോച്ച് മൈക്കിൽ സ്റ്റാറേ വരുത്തിയേക്കില്ല. മുന്നേറ്റത്തിൽ നോഹ് സദൗയ്, ജീസസ് ജിമിനിസ്, എന്നിവർ മികച്ച ഫോമിലാണ്. മദ്ധ്യനിരയിൽ നായകൻ ആഡ്രിയാൻ ലൂണ, വിപിൻ മോഹൻ, കോരൗ സിംഗ്, ഫ്രഡി ലല്ലമാവിയ എന്നിവർക്ക് മാറ്റമുണ്ടാകില്ല. ഡ്രിസിച്ച്, സന്ദീപ് സിംഗ്, ഹോർമിപാം, നവോച്ച സിംഗ് എന്നിവർക്ക് തന്നെയാകും പ്രതിരോധക്കോട്ട കാക്കുക. ഗോൾവലയ്ക്ക് മുന്നിൽ സച്ചിൻ സുരേഷ് തന്നെ.
പോയിന്റ് പട്ടികയിൽ ആറാം സ്ഥാനക്കാരായ ഗോവയും നിസാരക്കാരല്ല. കഴിഞ്ഞ രണ്ട് മത്സരങ്ങൾ തകർപ്പൻ ജയം സ്വന്തമാക്കിയ ഇവർ ക്ലീൻഷീറ്റോടെ അനായാസ ജയമാണ് ലക്ഷ്യമിടുന്നത്. അൽബേനിയൻ മുന്നേറ്റതാരം അർമാഡോ സാദിക്കുവാണ് ഗോവയുടെ കുന്തമുന. പഞ്ചാബിനെതിരെ കളിച്ച ടീമിനെതന്നെയാകും മനോലോ മാർക്വീസ് കളത്തിലിറക്കുക.
7.30 pm മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും
"വിജയം തന്നെയാണ് ലക്ഷ്യം. നല്ല രീതിയിൽ തന്നെ മുന്നോട്ടുപോവാമെന്നാണ് പ്രതീക്ഷ"
മൈക്കിൽ സ്റ്റാറെ
കോച്ച് -ബ്ലാസ്‌റ്റേഴ്‌സ്
"ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിന് ഗോവ സജ്ജം. ടീം നല്ലസമയത്തിലൂടെയാണ് കടന്നുപോകുന്നത്"
മനോലോ മാർക്വീസ്
കോച്ച് - എഫ്.സി ഗോവ