
കുറുപ്പംപടി: കാക്കയിലൂടെ നിറത്തിന്റെ രാഷ്ട്രീയം പറഞ്ഞ് സി.സിയും കുട്ട്യോളും ജില്ലാ കലോത്സവത്തിലെ യു.പി നാടകത്തിൽ തുടർച്ചയായ നാലാം വർഷവും ഒന്നാമതെത്തി. നിങ്ങളുടെ പരിസരം വ്യത്തിയാകുമ്പോഴാണ് ഞങ്ങൾ മലിനമാകുന്നത്, കറുപ്പില്ലാതെ വെളുപ്പിനെന്ത് പ്രസക്തി എന്ന കാക്കകളുടെ ചോദ്യമാണ് നാടകത്തെ നയിക്കുന്നത്. നിറത്തിനല്ല കഴിവിനാണ് പ്രധാന്യം എന്ന സന്ദേശമാണ് നാടകം നൽകുന്നത്. സമകാലീന സംഭവങ്ങളെ കോർത്തിണക്കി പ്രമുഖ സംവിധായകനായ സി.സി. കുഞ്ഞുമുഹമ്മദാണ് "ക്രേസി ക്രോ" എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. എ. ഗ്രേഡോടെ നാടകം ഒന്നാമതെത്തി. കുമ്മനോട് ഗവ. യു.പി സ്‌കൂളിലെ പത്ത് വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് അവതരിപ്പിച്ചത്. ഏഴു പേർ സ്റ്റേജിലും മൂന്ന് പേർ പിന്നണിയിലും പ്രവർത്തിച്ചു. ഒരു മാസം കൊണ്ടാണ് കുട്ടികളെ മികച്ച പരിശീലനം നൽകി തട്ടിലെത്തിച്ചത്. അയ്യപ്പനായി വന്ന യാസീനാണ് മികച്ച നടൻ. കാക്കപ്പെണ്ണായി വന്ന സാലിഹയും ക്യാരക്റ്റർ റോളുകളിൽ മൈലമ്മയായി റിതു നന്ദ പ്രദീപും കാക്കമ്മയായി ജുമാന ജന്നത്തും മറ്റു വേഷങ്ങളിൽ സി.എം. അമീൻ, ഡി. ഷാരോൺ, ടി.എൻ. ആര്യൻ എന്നിവരും പിന്നണിയിൽ എം.എസ്. മുഹമ്മദ് ഹസൻ, എൻ.എസ്. ദിയ ഫാത്തിമ, കെ.ജെ. ആഷിക് റോഷൻ എന്നിവരും
പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. നാടകത്തിന് വന്ന ഭാരിച്ച ചെലവ് സ്‌കൂളും പി.ടി.എയും നാടക സംവിധായകൻ സ്വന്തം പോക്കറ്റിൽ നിന്നും കണ്ടെത്തിയാണ് സർക്കാർ സ്‌കൂളിനെ മികച്ച നിലയിലെത്തിച്ചത്.