piv
യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.എം. സങ്കീർത്തനയും എച്ച്.എസ് വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാമതെത്തിയ എസ്.എം.ഹരിചന്ദനയും

കുറുപ്പംപടി: നൃത്തവേദിയിൽ തുടർച്ചയായ രണ്ടാംവർഷവും നേട്ടം ആവർത്തിച്ച് സഹോദരിമാർ. എറണാകുളം സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസിലെ 10-ാം ക്ലാസുകാരി എസ്.എം. ഹരിചന്ദന കുച്ചിപ്പുടിയിലും ആറാം ക്ലാസുകാരി എസ്.എം. സങ്കീർത്തന ഭരതനാട്യത്തിലുമാണ് രണ്ടാം വർഷവും ഒന്നാമതെത്തിയത്.

ഹരിചന്ദന കഴിഞ്ഞവർഷം സംസ്ഥാന തലത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം എന്നിവയിൽ എ ഗ്രേഡ് നേടിയിരുന്നു. അന്ന് അപ്പീലുമായെത്തിയാണ് ഭരതനാട്യത്തിൽ എ ഗ്രേഡ് നേടിയത്. ഭരതനാട്യത്തിലും കേരളനടനത്തിലും ഹരചന്ദനയ്‌ക്ക് ഇന്നാണ് മത്സരം.

അനുജത്തി സങ്കീർത്തന കഴിഞ്ഞ വർഷം ഒന്നാംസ്ഥാനം കിട്ടിയ കുച്ചിപ്പുടിക്ക് പുറമേ നാടോടി നൃത്തത്തിലും ഇന്ന് മത്സരിക്കുന്നുണ്ട്. 15കാരിയായ ഹരിചന്ദന 12 വർഷവും 11കാരിയായ സങ്കീർത്തന എട്ടു വർഷവുമായി നൃത്തം അഭ്യസിക്കുന്നു. കലാക്ഷേത്ര വിലാസിനി, സൂരജ് നായർ എന്നിവരാണ് ഗുരുക്കന്മാർ.

വർഷങ്ങളായി തൃപ്പൂണിത്തുറ എരൂരിൽ താമസമാക്കിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഐ.ടി ജീവനക്കാരൻ എൻ.എം. മധുവിന്റെയും ഷിജിനയുടെയും മക്കളാണ്.