ആലങ്ങാട്: വിളവെടുത്ത നെല്ല് സപ്ലൈകോ നിർദ്ദേശിച്ച മില്ലുകൾക്ക് കൈമാറിയതിന്റെ പണംകിട്ടാതെ ദുരിതത്തിലായ കരുമാല്ലൂരിലെ കർഷകർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കരുമാല്ലൂർ പാടശേഖരത്തിൽ വിരിപ്പുകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇത്തവണ കാര്യമായ വിളവുകിട്ടിയില്ല. എങ്കിലും പണം കൃത്യമായി ലഭിക്കുമെങ്കിൽ നഷ്ടംവരാതെ കടന്നുപോകാമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. പക്ഷെ പണം ഇതുവരെ കിട്ടിയില്ല. ഇതോടെ വായ്പയെടുത്ത് കൃഷിയിറക്കിയവർ അതിന്റെ പലിശ കൊടുക്കേണ്ട അവസ്ഥയിലാണ്. കരുമാല്ലൂരിലെ 70 കർഷകരിൽ നിന്നായി 135 ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ഇതിന്റെ ഇനത്തിൽ 38.24 ലക്ഷം രൂപ ലഭിക്കണം. ഇപ്പോൾ അടുത്ത കൃഷിക്ക് വിത്ത് വിതച്ചിരിക്കുകയാണ്. പക്ഷെ ഞാറ് പറിച്ചുനടുവാൻ പണമില്ലാതെ ദുരിതത്തിലാണ് കർഷകർ. കൂടാതെ നിലം ഒരുക്കുന്നതിനും വളം വയ്പ്പിനും ഇനിയും പണം കണ്ടത്തേണ്ടിവരും. ഈ സാഹചര്യത്തിലാണ് പാടശേഖര സമിതി പ്രസിഡന്റ് ഒ.കെ. ആനന്ദൻ, കർഷകനും കരുമാല്ലൂർ ഗ്രാമ പഞ്ചായത്തംഗവുമായ കെ.എം. ലൈജു എന്നിവർ ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷിന് നിവേദനം നൽകിയത്. വിഷയം കൃഷി വകുപ്പിന്റെയും സപ്ലൈകോയുടെയും ശ്രദ്ധയിൽപ്പെടുത്തി അടിയന്തര പരിഹാരമുണ്ടാക്കാമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.
കരുമാലൂരിലെ 70 കർഷകരിൽ നിന്ന് സംഭരിച്ചത് 135 ടൺ നെല്ല്
ഈ ഇനത്തിൽ കർഷകർക്ക് ലഭിക്കേണ്ട തുക 38.24 ലക്ഷം രൂപ