padam
ഷുഹൈബ്

കൊച്ചി: നഗരത്തിൽ രണ്ട് ഇടങ്ങളിൽ നിന്നായി പൊലീസും എക്‌സെസും ചേർന്ന് 105.76 ഗ്രാം എം.ഡി.എം.എയും 23 കിലോ കഞ്ചാവും പിടികൂടി. തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സ് മുല്ലത്ത് വീട്ടിൽ എൻ. നൗഫൽ (35), ആലപ്പുഴ കോമളപുരം വെട്ടുവഴിയിൽ വീട്ടിൽ ഷുഹൈബ് (25), കണ്ണൂർ തളിപ്പറമ്പ് വെള്ളോറ കാരിപിള്ളി കണ്ടക്കിയിൽ വീട്ടിൽ നൗഷാദ് (40) എന്നിവർ അറസ്റ്റിലായി.

72.15 ഗ്രാം എം.ഡി.എം.എ വിൽക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് നൗഫലും ഷുഹൈബും ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഇടയക്കുന്നം ഭാഗത്ത് നിറുത്തിയിട്ട കാറിലുണ്ടായിരുന്ന നൗഫലിന്റെയും ഷുഹൈബിന്റെയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് പട്രോളിംഗ് സംഘം പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എയും 20 കിലോയോളം കഞ്ചാവും കണ്ടെത്തിയത്.

തൃക്കാക്കര പൈപ്പ്‌ലൈൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നൗഷാദിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. ജിംനേഷ്യം പരിശീലകനായ നൗഷാദിന്റെ പക്കൽനിന്ന് 33.610 ഗ്രാം എം.ഡി.എം.എയും 3.246 കിലോ കഞ്ചാവും കണ്ടെടുത്തു. കൂട്ടാളി മലപ്പുറം കോഡൂർ ചെമ്മനക്കടവിലെ വിനോദിനാ (44)യി അന്വേഷണം പുരോഗമിക്കുകയാണ്. ജിംനേഷ്യം, വിനോദിന്റെ ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി.