കൊച്ചി: ഇരുപത്തേഴാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നാളെ തുടക്കമാകും. വൈകിട്ട് 4.30ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ അദ്ധ്യക്ഷനാകും. പ്രൊഫ. എം.കെ. സാനു, മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ, ലിജി ഭരത്, പി. സോമനാഥൻ എന്നിവർ സംസാരിക്കും.
ഡിസംബർ ഒന്നിന് ഡോ. ചാത്തനാട്ട് അച്യുതനുണ്ണിക്ക് സരസ്വതി സമ്മാൻ ജേതാവ് പ്രൊഫ. സിതാൻശു യശസ്ചന്ദ്ര ബാലാമണിയമ്മ പുരസ്‌കാരം സമ്മാനിക്കും. നാലിന് വൈകിട്ട് നാലുമണിക്ക് പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന കൊച്ചി ലിറ്റ് ഫെസ്റ്റ് സഭ വ്യാസസമ്മാൻ ജേതാവ് മംമ്ത കലിയ ഉദ്ഘാടനം ചെയ്യും. അഞ്ചിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 'ഭക്തിപ്രസ്ഥാനം ദക്ഷിണ ഭാരത സാഹിത്യത്തിൽ"എന്ന വിഷയത്തിൽ സിമ്പോസിയം നടക്കും. ആറിന് നടക്കുന്ന കെ. രാധാകൃഷ്ണൻ പുരസ്‌കാരസഭയിൽ അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. എട്ടിന് വൈകിട്ട് നടക്കുന്ന ഗോപിനാഥ് പനങ്ങാടിന്റെ 'നമുക്ക് ചിരിച്ചു പിരിയാം" പരിപാടിയോടെ പുസ്തകോത്സവം സമാപിക്കും. പുസ്തകോത്സവം എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി ഇ.എം. ഹരിദാസ്, ജനറൽ കൺവീനർ ലിജി ഭരത്, എക്‌സിക്യൂട്ടീവ് അംഗം ആർ. രഘുരാജ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.