കൊച്ചി: വടുതല പേരണ്ടൂർ പാലം നിർമ്മാണത്തിന്റെ ഭാഗമായി തീരദേശ നിയന്ത്രണ മേഖല സംബന്ധിച്ച പഠനങ്ങൾക്കായി സർക്കാർ തുക അനുവദിച്ചതായി ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു. നേരത്തെ പാലത്തിനായി ഏകദേശം 32.5 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ തുക അനുവദിച്ചിട്ടുള്ളത്. പഠന റിപ്പോർട്ട് തയ്യാറാക്കാൻ ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് എം.എൽ.എ പറഞ്ഞു.

തിരുവനന്തപുരം ആക്കുളത്ത് പ്രവർത്തിക്കുന്ന ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പഠനം. ഈ റിപ്പോർട്ട് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. ഈ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കാൻ കഴിയും. ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുകയിൽ പത്തുലക്ഷം രൂപ കേരളതീരദേശ പരിപാലന അതോറിറ്റിയിൽ അടയ്‌ക്കേണ്ട വിഹിതമാണ്. പഠനം നടത്തുന്നതിനായി ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന് ഒടുക്കേണ്ട ഫീസും പാലത്തിന്റെ കല്ല് ഇടുന്നതിന് വേണ്ടിവരുന്ന ചെലവും ചേർത്താണ് ബാക്കി വരുന്ന അഞ്ച് ലക്ഷത്തോളം രൂപ. ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയതായും എം.എൽ.എ അറിയിച്ചു.