പറവൂർ: സി.പി.എം പറവൂർ ഏരിയ സമ്മേളനത്തിന് നാളെ പതാക ഉയരും. സമ്മേളന നഗരയിൽ ഉയർത്താനുള്ള കൊടിമരം വടക്കേക്കര എ.യു. ദാസിന്റെ രക്തസാക്ഷിമണ്ഡപത്തിൽ നിന്നും പതാക പാലിയത്ത് എ.ജി. വേലായുധന്റെ രക്ഷസാക്ഷിമണ്ഡപത്തിൽ നിന്നും ബാനർ കൈതാരത്തെ എസ്. വാസുവിന്റെ സ്മൃതിമണ്ഡപത്തിൽ നിന്നും ജാഥയായി കൊണ്ടുവരും. വൈകിട്ട് അഞ്ചിന് മൂന്ന് ജാഥകളും ചേന്ദമംഗലം കവലയിൽ സംഗമിച്ച് വാദ്യമേളങ്ങളുടേയും ഇരചക്രവാഹനങ്ങളുടേയും അകമ്പടിയിൽ പൊതുസമ്മേളന വേദിയായ സെൻട്രൽ ഓഡിറ്റോറിയം ഗ്രൗണ്ടിലെത്തിക്കും. തുടർന്ന് സംഘാടക സമിതി ചെയർമാൻ ടി.വി. നിഥിൻ പാതക ഉയർത്തും. 30ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. പതിനൊന്ന് ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 135 പ്രതിനിധികളും ഇരുപത് ഏരിയകമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ഡിസംബർ ഒന്നിന് വൈകിട്ട് ഭാരവാഹി തിരഞ്ഞെടുപ്പിനും ശേഷം പ്രതിനിധി സമ്മേളനം സമാപിക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് ചേന്ദമംഗലം കവലിയിൽ നിന്നും ആരംഭിക്കുന്ന ചുവപ്പ്സേനാ പരേഡും ബഹുജനറാലിയും സെൻട്രൽ ഓഡിറ്റോറിയം ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന,​ ജില്ലാ നേതാക്കൾ സംസാരിക്കും.