ആലുവ: അദ്വൈതാശ്രമത്തിലെ ശാന്തിയുടെ കാണിക്കത്തട്ടിൽ നിന്ന് പതിവായി പണം മോഷ്ടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ജോയി (55) പിടിയിലായി. ഇയാളെ ആലുവ പൊലീസിന് കൈമാറി.
ഭക്തർ ശാന്തിക്കായി ഭസ്മത്തട്ടിൽ വയ്ക്കുന്ന പണവും പൂജ രസീതിനോടൊപ്പം ഗുരുമണ്ഡപത്തിന് സമീപം വയ്ക്കുന്ന പണവുമാണ് പ്രാർത്ഥിക്കാനെന്ന വ്യാജേനയെത്തി ഒരു മാസത്തോളമായി മോഷ്ടിച്ചിരുന്നത്. പതിവായി പണം നഷ്ടപ്പെട്ടതോടെ സി.സി ടി.വി നിരീക്ഷിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞയാഴ്ച കീഴ്ശാന്തി റോബിൻ സി.സി ടി.വി കാമറയിൽ മോഷ്ടാവിനെ കണ്ട് എത്തിയപ്പോഴേക്കും ഇയാൾ ഇറങ്ങിയോടി. ബാങ്ക് കവല വരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
ഇന്നലെ രാവിലെ ഇയാൾ ഗുരുമണ്ഡപത്തിലേക്ക് വരുന്നത് ആശ്രമം ജീവനക്കാർ മാറി നിന്ന് നിരീക്ഷിച്ചു. തട്ടിൽ നിന്ന് പണം പോക്കറ്റിലേക്ക് ഇടുന്നത് കണ്ടയുടനെ ആശ്രമജീവനക്കാരെല്ലാം ചേർന്ന് പിടികൂടുകയായിരുന്നു. ആലുവയിലെ ഒരു സെക്യൂരിറ്റി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നെന്നും ഭക്ഷണത്തിന് പണമില്ലാത്തതിനാലാണ് മോഷ്ടിച്ചതെന്നുമാണ് ഇയാളുടെ വിശദീകരണം.