കൊച്ചി: കളമശേരി കൂനംതൈയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരി പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാമിനെ (50) കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് ഇന്നും തുടരും. ഇന്നലെ പ്രതി ഗിരീഷിനെ അടിമാലിയിൽ എത്തിച്ച് തെളിവെടുത്തിരുന്നു. അടിമാലിയിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഇയാൾ വിറ്റ രണ്ടു വളകൾ ഉരുക്കിയ നിലയിൽ കണ്ടെടുത്തു. ഇന്ന് രാവിലെ കാക്കനാട് തെങ്ങോട് ഭാഗത്ത് പ്രതിയെ എത്തിക്കും. കൊലപാതിന് ശേഷം കൈക്കലാക്കിയ ജയ്‌സിയുടെ മൊബൈൽ ഫോണുകൾ ഇയാൾ തെങ്ങോട് ഭാഗത്ത് ഉപേക്ഷിച്ചെന്നാണ് മൊഴി. ഇതിന് ശേഷം ജെയ്‌സിയുടെ അപ്പാർട്ട്‌മെന്റിൽ പ്രതിയെ എത്തിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെളിവെടുപ്പുകളിൽ ജെയ്‌സിയെ തലയ്ക്കടിച്ച് കൊല്ലാൻ ഉപയോഗിച്ച ഡംബൽ, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രം, ബൈക്ക്, ജ്വല്ലറിയിൽ സ്വർണം വിറ്റതിന്റെ രേഖ, സ്വർണം വിറ്റു കിട്ടിയ 1,00,006 രൂപ എന്നിവ കണ്ടെത്തിയിരുന്നു. ഈമാസം 17നാണ് കാമുകി ഖദീജയുമായി ഗൂഢാലോചന നടത്തി സ്വർണത്തിനും പണത്തിനുമായി ജെയ്‌സിയെ ഗിരീഷ് കൊലപ്പെടുത്തിയത്.