കൊച്ചി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്ന 120 കോടി രൂപയുടെ വായ്‌പാ തട്ടിപ്പിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റ പ്രാഥമികാന്വേഷണം പൂർത്തിയായി. സംഘത്തിൽ പരിശോധനയും മുൻ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികൾ ഉടനുണ്ടാകും.

കോൺഗ്രസ് നേതാക്കൾ ഭരിച്ചിരുന്ന ബാങ്കിലെ ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ഇ.ഡിയുടെ ഇടപെടൽ. പ്രാഥമികാന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണം ആരംഭിക്കുന്നത്.

തട്ടിപ്പ് നടന്ന കാലത്തെ ഡയറക്‌ടർമാർ, ജീവനക്കാർ തുട‌ങ്ങിയവരെ ഇ.ഡി ചോദ്യം ചെയ്യും. ഡയറക്‌ടർമാരുൾപ്പെടെ സ്വന്തക്കാരുടെ പേരിലും മറ്റുമായി കോടികളുടെ വായ്‌പ എടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജപ്പേരുകളിലും വായ്‌പകൾ എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശദവിവരങ്ങൾ കൂടി പരിശോധിച്ചശേഷമാകും കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണ മാതൃകയിൽ നടപടികൾ ആരംഭിക്കുകയെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.