highcourt

കൊച്ചി: കേരള സാങ്കേതിക സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത വരുത്തണമെന്ന ചാൻസലർ കൂടിയായ ഗവർണറുടെ ആവശ്യം അനുവദിക്കാതെ ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് ഗവർണറുടെ ഉപഹർജി പരിഗണിച്ചത്.
സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ഇടപെടൽ ഉണ്ടാകരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, മുൻ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന ആവശ്യം ഗവർണർ ഉന്നയിച്ചത്. സാങ്കേതിക സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറെ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നാണ് നിയമിക്കേണ്ടതെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ 2023 ഫെബ്രുവരി 16ലെ ഉത്തരവ്. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ സിസ തോമസിന് തുടരാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൽ, സർക്കാർ ഇടപെടൽ പാടില്ലെന്നാണ് നിർദ്ദേശിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വ്യക്തത തേടിയത്. എന്നാൽ ഹൈക്കോടതി പരിഗണിച്ചത് സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി.സി നിയമനത്തിന്റെ കാര്യമാണെന്നും സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തേണ്ടതെന്ന ഉത്തരവ് സർവകലാശാലാനിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രിംകോടതി ഉത്തരവിന്റെ പേരിൽ ഇതിൽ മാറ്റം വരുത്താൻ കഴിയില്ല. അന്നത്തെ സാഹചര്യത്തിൽ നിയമപരമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. മുൻ ഉത്തരവിൽ വ്യക്തത വരുത്തുന്നത് ഉചിതമാകില്ലെന്നും വ്യക്തമാക്കി ചാൻസലറുടെ ഉപഹർജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.