മൂവാറ്റുപുഴ: എയർഗൺ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വയറിന് വെടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി പുതിയേടത്ത് കുന്നേൽ റഷീദ് (35)നെയാണ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പായിപ്ര കിണറുംപടി സ്വദേശിയായ റഷീദ് കഴിഞ്ഞ കുറെ നാളുകളായി പുന്നോപ്പടിയിൽ വാടകക്ക് താമസിക്കുകയാണ്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കരച്ചിൽ കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.