കോലഞ്ചേരി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ കൂടെ ഉണ്ടായിരുന്നയാളെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ കൂടി കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് മഴുവന്നൂർ മുക്കോട്ടുതറ വാരിക്കാട്ടിൽ ഷിജു (പങ്കൻ ഷിജു 43), രായമംഗലം പുല്ലുവഴി തൊഴുവാങ്കൽ ജിബി ആന്റണി (47) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തൊടുപുഴ മഞ്ഞള്ളൂർ മടക്കത്താനം വടക്കേത്തറ ലിവിൻ ബെന്നി(40)യെ പിടികൂടിയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുറ്റിപ്പിള്ളി വരാപ്പിള്ളി പ്രസാദ്കുമാർ (47) കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി എട്ടോടെ മംഗലത്തുനട കുറ്റിപ്പിള്ളിയിലെ പ്രസാദിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇന്നലെ പിടിയിലായ പങ്കൻ ഷിജു വിവിധ സ്റ്റേഷനുകളിലായി മുപ്പതിലധികം കേസുകളിൽ പ്രതിയാണ്. അടുത്തിടെ ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു.