നെടുമ്പാശേരി: പ്ലസ് ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്കു ശേഷം മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ പേരുള്ളയാൾ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും മര്യാദയുടെ പേരിൽ ഇയാളുടെ പേരു വെളിപ്പെടുത്തുന്നില്ലെന്നും മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി. പിണറായിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ഇടനിലക്കാരന്റെ ആവശ്യം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാജി.
അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാൻ മാനേജ്മെന്റ് തനിക്ക് കൈക്കൂലി തന്നെന്ന കേസ് നിലനിൽക്കില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചതാണ്. എന്നിട്ടും സുപ്രീം കോടതി വരെ കേസ് നടത്താൻ ഖജനാവിൽ നിന്ന് ഒന്നര കോടിയോളം രൂപ ചെലവിട്ടു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ചതിന്റെ പകയാണ് തനിക്കെതിരെ കേസ് നടത്താൻ പ്രേരിപ്പിച്ചത്. ഖജനാവിൽ നിന്ന് കേസിനായി ധൂർത്തടിച്ച പണം മുഖ്യമന്ത്രി തിരിച്ചടയ്‌ക്കണം.
കോഴക്കേസിൽ 2020 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇ.ഡിയും കേസെടുത്തു. 2022ൽ ഈ കേസിൽ ഹൈക്കോടതി ഷാജിയെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും കേസ് തള്ളുകയായിരുന്നു.