കൊച്ചി: മനുഷ്യരാശിക്ക് മഹാവ്യാധികളെ തടയാൻ തവളയെ പോലുള്ള ഉദയജീവികളുടെ സംരക്ഷണം അനിവാര്യമാണെന്ന് പ്രശസ്ത ഉഭയജീവി ശാസ്ത്രജ്ഞനും ഫ്രോഗ് മാൻ ഒഫ് ഇന്ത്യ എന്ന് അറിയപ്പെടുന്നയാളുമായ പ്രൊഫ. സത്യഭാമ ദാസ് ബിജു പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായിരുന്ന ഇ. സോമനാഥിന്റെ സ്മരണയ്ക്ക് കേരള മീഡിയ അക്കാഡമിയും ഇ. സോമനാഥ് ഫ്രറ്റേണിറ്റിയും രൂപീകരിച്ച ഇ. സോമനാഥ് ചെയറിന്റെ പ്രഥമ പ്രഭാഷണം കാക്കനാട്ടെ മീഡിയ അക്കാഡമിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഉഭയജീവി വർഗങ്ങൾ വംശനാശഭീഷണി നേരിടുകയാണ്. പശ്ചിമഘട്ട മേഖലകളെ സംരക്ഷിച്ച് ഉഭയജീവികളുടെ വംശനാശം തടയാനുള്ള നടപടികൾ ആവശ്യമാണ്.
ചിത്രശലഭത്തേക്കാൾ ഭംഗിയുള്ള ഉഭയജീവിയാണ് തവള. വർണത്തിലും ഭംഗിയിലും അതിശയിപ്പിക്കുന്ന തവളകളുണ്ട്. തവളകളെ സംരക്ഷിക്കൽ ജീവജാലങ്ങളെ മുഴുവൻ സംരക്ഷിക്കലാണ്.
അക്കാഡമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. സോമനാഥ് ഫ്രറ്റേണിറ്റിയുടെ ചെയർമാൻ കൂടിയായ മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ, അക്കാഡമി സെക്രട്ടറി അനിൽ ഭാസ്‌കർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.