
കുറുപ്പംപടി: ഗോത്രതാളം തുടികൊട്ടിയെത്തിയ നാട്ടുപാട്ടും നൃത്തങ്ങളും... നടന വൈഭവം നിറഞ്ഞു നിന്ന നൃത്തയിനങ്ങൾ... ശ്രുതി-രാഗ സമന്വയമായി വയലിനും ഓടക്കുഴലും നാദസ്വരവും ശാസ്ത്രീയ സംഗീതവും... ത്രസിപ്പിച്ച് വേഗതാളത്തിൽ കോൽക്കളിയും വട്ടപ്പാട്ടും അഭിനയത്തികവിന്റെ നേർസാക്ഷ്യമായി നാടകം... രാവോളം നീണ്ട തിരുവാതിര... വേദികൾ നിറഞ്ഞ് ആസ്വാദകർ... ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനവും കുറുപ്പംപടിക്ക് ഉത്സവമായി.
പോയിന്റ് നിലയിൽ ആലുവയും എറണാകുളവും തമ്മിലുള്ള പോര് മുറുകി. ഇരു ഉപജില്ലകൾക്കും 602 പോയിന്റ് വീതമുണ്ട്. പെരുമ്പാവൂർ 569 മായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 556 പോയിന്റുമായി വടക്കൻ നോർത്ത് പറവൂർ, 534 മായി മട്ടാഞ്ചേരി ഉപജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്‌കൂളുകളിൽ 209 പോയിന്റുള്ള ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസ് ഏറെ മുന്നിലാണ്. നിലവിലെ ചാമ്പ്യൻമാരായ എറണാകുളം സെന്റ് തെരേസാസ് രണ്ടാം സ്ഥാനത്തുണ്ട്. (163), എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത് (157).
അറബിക് കലോത്സവം യു.പിയിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 45 പോയിന്റുമായി മുന്നിലുണ്ട്. സംസ്‌കൃതോത്സവം ഹൈസ്‌കൂളിൽ ആലുവയാണ് മുന്നിൽ (68). യു.പിയിൽ 65 പോയിന്റുമായി എറണാകുളം, വടക്കൻ പറവൂർ, പെരുമ്പാവൂർ ഉപജില്ലകൾ ഒന്നാം സ്ഥാനത്താണ്.
വിധിനിർണയത്തിൽ അപാകതകൾ ചൂണ്ടിക്കാട്ടി 36 അപ്പീലുകൾ ലഭിച്ചു.
വേദിയിൽ തർക്കം
ബുധനാഴ്ച ഹയർ സെക്കൻഡറി ഭരതനാട്യത്തിന് മുമ്പ് വിധികർത്താക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് ഏതാനും പരിശീലകർ രംഗത്തുവന്നത് മത്സരം വൈകാനിടയാക്കി. വിധികർത്താവിനോട് ഡിക്ലറേഷൻ ഫോം എഴുതിവാങ്ങിയശേഷമാണ് മത്സരം ആരംഭിച്ചത്.