കൊച്ചി: കോഴിക്കോട് നിന്ന് കൊച്ചി സന്ദർശിക്കാനെത്തിയ 44 ഭിന്നശേഷി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.

കോഴിക്കോട് താമരശേരി കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് ഭക്ഷ്യവിഷബാധ. ഇവരെ കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സ്വകാര്യബോട്ടിൽ നിന്നുള്ള ഉച്ചഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. ബോട്ട് സവാരിക്ക് ശേഷം മെട്രോയിൽ ലുലുമാളിൽ എത്തിയപ്പോഴാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായത്. അവർ പലതവണ ടോയ്‌ലെറ്റിൽ പോവുകയും ഛർദ്ദിക്കുകയും ക്ഷീണിതരാവുകയും ചെയ്തതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളിൽ 15 പേർ അതീവ ക്ഷീണിതരാണ്.

30 രക്ഷക‌ർത്താക്കളും സ്കൂൾ അധികൃതരും അടക്കം 98 പേരാണ് ഒരു ദിവസത്തെ യാത്രയ്ക്കായി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ട് ബസുകളിലായി മറൈൻ ഡ്രൈവിലെത്തിയത്. മടങ്ങാനിരിക്കെയാണ് കുട്ടികളിൽ അസ്വസ്ഥത ആരംഭിച്ചത്. ബോട്ടിൽ നിന്നല്ലാതെ വേറെ ഭക്ഷണം കുട്ടികൾ കഴിച്ചിട്ടില്ലെന്നും നടപടിയുമായി മുന്നോട്ടുപോകുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.