
കഴിഞ്ഞ ഒക്ടോബർ 15നായിരുന്നു കണ്ണൂർ എ.ഡി.എമ്മായിരുന്ന കെ. നവീൻ ബാബുവിന്റെ മരണം. ഒന്നരമാസം തികയുമ്പോൾ കേസിൽ ട്വിസ്റ്റുകൾ നിറയുകയാണ്. കുടുംബത്തിനൊപ്പം എന്നാവർത്തിക്കുന്ന സി.പി.എം. നേതാക്കൾ നിറം മാറിത്തുടങ്ങി. സത്യം തെളിയണമെന്ന പ്രതിജ്ഞയുമായി നവീന്റെ ഭാര്യ മഞ്ജുഷ രംഗത്തുവന്നത് പാർട്ടി പ്രതീക്ഷിക്കാത്ത നീക്കമായി. നവീന്റെ മരണം കൊലപാതകമാണെന്ന സംശയവും കുടുംബം ഉന്നയിച്ചു കഴിഞ്ഞു. നിയമപോരാട്ടം സി.ബി.ഐ അന്വേഷണാവശ്യത്തിൽ എത്തി നിൽക്കുകയാണ്. ഇക്കാര്യത്തിൽ പാർട്ടി, നവീന്റെ കുടുംബത്തിനൊപ്പമല്ലെന്നതും ശ്രദ്ധേയം.
ഇരയ്ക്കൊപ്പം നിൽക്കുകയും വേട്ടക്കാർക്കായി പ്രാർത്ഥിക്കുകയും... അത് ചിലർ കൊണ്ടുനടക്കുന്ന തത്വമാണ്. നടിയെ ആക്രമിച്ച കേസിൽ അന്നത്തെ 'അമ്മ' ഭാരവാഹികൾ ഇങ്ങനെ പച്ചയ്ക്കു പറഞ്ഞിരുന്നു. പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവച്ച സർക്കാരിന്റെ പ്രതികരണങ്ങളിലും ഈ ലാഞ്ജന കണ്ടു. ഇരകളുടെ സ്വകാര്യതയുടെ പേരു പറഞ്ഞാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത്. പീഡന പരാതികൾ പാർട്ടി കമ്മിഷനുകൾ അന്വേഷിച്ച്, ആരോപിതർക്ക് വിലങ്ങൊഴിവാക്കുന്ന ഏർപ്പാടുമുണ്ട്. കേസിന്റെ സ്വഭാവവും സന്ദർഭവും വ്യത്യസ്തമാണെങ്കിലും നവീൻ ബാബു കേസിലും സർക്കാരിന്റേയും പാർട്ടിയുടേയും നിലപാട് സമാനമാണ്. ഇരയുടെ പേരുപറഞ്ഞ് വേട്ടക്കാർക്കൊപ്പം നിൽക്കുക. ഇവിടെ പ്രതിസ്ഥാനത്ത് പാർട്ടിക്ക് പ്രിയങ്കരിയായ പി.പി.ദിവ്യ. മറുഭാഗത്ത് പരമ്പരാഗത പാർട്ടി അനുഭാവികളായ നവീൻ ബാബുവിന്റെ കുടുംബം. ചേർത്തു പിടിക്കാനും കൂടെയുണ്ടെന്നറിയിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾ നവീന്റെ വസതിയിലേക്കൊഴുകി. സർക്കാർ ഉദ്യോഗസ്ഥയായ മഞ്ജുഷയെ അനുനയിപ്പിച്ച് വിഷയം ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. ഈ സമയം കണ്ണൂരിൽ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടന്നു. മുഖ്യമന്ത്രിക്ക് നൽകിയിരുന്ന പരാതിയെന്ന പേരിൽ ഒരു കത്ത് കെട്ടിച്ചമച്ചു. നവീൻ തെറ്റു സമ്മതിച്ചിരുന്നുവെന്ന് കളക്ടർ മൊഴി മാറ്റി. മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതു വരെ ദിവ്യ എവിടെയാണെന്ന് പൊലീസ് അന്വേഷിച്ചില്ല. തുടർന്ന് മുൻകൂട്ടി തീരുമാനിച്ചതു പ്രകാരം വഴിയിൽ കാത്തു കിടന്ന് പ്രതിയെ കൂട്ടിക്കൊണ്ടുപോയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും ദിവ്യ മറ്റു പദവികളിൽ തുടർന്നു. എന്നാൽ ഭർത്താവിന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് മനസാന്നിദ്ധ്യം വീണ്ടെടുത്ത മഞ്ജുഷ പ്രതികരിച്ചു. ശക്തമായിത്തന്നെ. 'ഞങ്ങളുടെ ജീവിതമാണ് നശിപ്പിച്ചത് ' എന്ന വാക്കുകൾ ജ്വാലയായി. പാർട്ടിക്ക് ഓർക്കാപ്പുറത്തുള്ള പ്രഹരമായി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ മഞ്ജുഷ ശക്തമായ വാദങ്ങളുന്നയിക്കുകയും ചെയ്തു.
നിറം മാറുന്നു
ജാമ്യത്തിലിറങ്ങിയ പി.പി. ദിവ്യ, പാർട്ടിയുടെ നിലപാടിൽ അതൃപ്തിയറിയിച്ചതായി വാർത്തയുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഏകപക്ഷീയമായി നീക്കിയതിനെതിരേ കൺട്രോൾ കമ്മിഷനെ സമീപിക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതോടെയാണ് സി.പി.എം. നേതാക്കൾ നിറം മാറിത്തുടങ്ങിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രണ്ടു പക്ഷമുണ്ടെന്നും അന്വേഷിക്കണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രസംഗിച്ചു. പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമെന്ന പല്ലവി ആവർത്തിക്കാനും മറന്നില്ല. വാസ്തവത്തിൽ ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും പാർട്ടിയുടെ സ്നേഹം കണ്ടതാണ്. സ്വീകരിക്കാൻ കാത്തു നിന്നത് എം.വി.ഗോവിന്ദന്റെ ഭാര്യ ശ്യാമള ടീച്ചറടക്കമുള്ള നേതാക്കളാണ്. കേസിൽ സി.ബി.ഐ അന്വേഷണവുമായി മഞ്ജുഷ കോടതിയിലെത്തിയതോടെ പാർട്ടി സെക്രട്ടറിയും ചുവടു മാറ്റി. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. പേടിച്ചിട്ടല്ലെന്നും സി.ബി.ഐയെ വിശ്വാസമില്ലാത്തതു കൊണ്ടാണെന്നുമാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
സർക്കാരിന്റെ ഉരുണ്ടുകളി
പി.പി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസടക്കം സർക്കാർ സംവിധാനങ്ങൾ തുടക്കം മുതലേ സ്വീകരിച്ചത്. നവീൻ ബാബു തെറ്റുസമ്മതിച്ചെന്ന വാദവുമായി കളക്ടർ പിന്നീട് രംഗത്തുവന്നതും ഉന്നതസ്വാധീന ഫലമായാണെന്ന് കുടുംബം ആരോപിക്കുന്നു. വിഷയം അന്വേഷിച്ച ലാൻഡ് റവന്യൂ കമ്മിഷണർ എ. ഗീതയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിടാൻ തയാറായിട്ടില്ല. ദിവ്യയുടെ മൊഴിയെടുക്കാതെയാണ് ലാൻഡ് റവന്യൂ കമ്മിഷണർ റിപ്പോർട്ട് നൽകിയത്. ദിവ്യ സഹകരിക്കുന്നില്ലെന്നായിരുന്നു വിശദീകരണം. ഇതും സ്വാധീനത്തിന്റെ തെളിവാണെന്ന് നവീന്റെ കുടുംബം പറയുന്നു. പൊലീസ് പ്രത്യേക സംഘമാകട്ടേ പ്രതി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചശേഷമാണ് മഞ്ജുഷയുടെ മൊഴിയെടുത്തത്. പ്രത്യേക അന്വേഷണ സംഘമെന്നത് വെറും പേരു മാത്രമാണെന്നാണ് മഞ്ജുഷയുടെ വാദം. പ്രോട്ടോകോളിൽ ദിവ്യയേക്കാൾ താഴെ നിൽക്കുന്ന ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അന്വേഷണത്തിൽ തുടക്കം മുതലേ പല വീഴ്ചകളുമുണ്ടായെന്നാണ് പരാതി.
ദിവ്യ സഹകരിക്കുന്നില്ലെന്നാണ് ഉന്നതതല അന്വേഷണത്തിന് സർക്കാർ നിയോഗിച്ച ലാൻഡ് റവന്യൂ കമ്മിഷണർ റിപ്പോർട്ടു ചെയ്തത്. ഇത് പ്രതിയുടെ സ്വാധീനത്തിന് തെളിവാണ്. കൃത്രിമത്തെളിവുകൾ സൃഷ്ടിക്കാൻ പൊലീസ് പ്രതിക്ക് കൂട്ടുനിൽക്കുകയാണെന്നാണ് മഞ്ജുഷയുടെ ആരോപണം.
കോഴ നൽകിയെന്നും തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും പ്രശാന്തൻ സമ്മതിച്ചിട്ടും നടപടിയെടുത്തില്ല. നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണോ എന്ന് വിലയിരുത്തുന്ന പ്രാഥമിക ശാസ്ത്രീയ പരിശോധനകൾ മൃതശരീരം കണ്ടിടത്ത് ഉണ്ടായിട്ടില്ല. വിരലടയാള/സയന്റിഫിക് വിദഗ്ദ്ധരുടെ സാന്നിദ്ധ്യം അവിടെയുണ്ടായിരുന്നതായി പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കാണുന്നില്ല. നിർണായക തെളിവുകളായ ഫോൺ കോൾ രേഖകളും സി.സി.ടി.വി ഫൂട്ടേജുകളും പരിശോധിക്കാൻ പൊലീസ് താത്പര്യം കാട്ടുന്നില്ലെന്നും മഞ്ജുഷയുടെ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ജീവനൊടുക്കുയതെങ്കിൽ ആത്മഹത്യാക്കുറിപ്പ് എവിടെയെന്നും ചോദ്യമുണ്ട്.
ഈ പശ്ചാത്തലത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും ഡിസംബർ ആറിനകം ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സി.ബി.ഐ. അന്വേഷണാവശ്യത്തിൽ തുടർന്ന് വിശദമായ വാദം കേൾക്കും. കേസിലെ തെളിവുകൾ സംരക്ഷിക്കണമെന്ന മഞ്ജുഷയുടെ ആവശ്യത്തിൽ ഡിസംബർ 3ന് കണ്ണൂർ കോടതി വിധി പറയുകയും ചെയ്യും. നവീൻ ബാബുവിന്റെ മരണത്തിൽ വരാനിരിക്കുന്നത് വലിയ ട്വിസ്റ്റുകളാകാനാണ് സാദ്ധ്യത.