p

കൊച്ചി: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ധനസഹായം നൽകാൻ ആവിഷ്കരിച്ച 'കൈവല്യ" പദ്ധതിക്ക് തുക അനുവദിക്കാതെ സർക്കാർ. 2016ൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയിലേക്ക് 2018 മുതൽ അപേക്ഷ സ്വീകരിച്ചെങ്കിലും 2021ൽ മാത്രമാണ് തുക നൽകിയത്. പിന്നീട് അപേക്ഷിച്ചവർ കാത്തിരിക്കുകയാണ്.

ഭിന്നശേഷിക്കാരുടെ സംഘടനകൾ പലതവണ സമരത്തി​നി​റങ്ങി​യെങ്കി​ലും നടപടിയുണ്ടായില്ല. എംപ്ലോയ്മെന്റ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

2021ൽ 9195 പേർക്ക് 50,000 രൂപ വീതം അനുവദിച്ചിരുന്നു. പകുതി​ തുക സബ്സി​ഡി​യാണ്. പിന്നീട് അപേക്ഷകൾ കുന്നുകൂടിയെങ്കിലും ഫണ്ടില്ലാത്തതി​നാൽ പരിഗണിച്ചിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹിതം, ബിവറേജസ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട്, ഭിന്നശേഷി കോർപ്പറേഷനുമായി സഹകരിച്ചുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി എന്നിവയിലൂടെയാണ് പദ്ധതി​ക്ക് ഫണ്ട് കണ്ടെത്തുന്നത്.

കെട്ടിക്കിടക്കുന്നത് 4211 അപേക്ഷ

2024 മേയ് എട്ടു വരെയുള്ള കണക്കു പ്രകാരം കെട്ടിക്കിടക്കുന്നത് 4211 അപേക്ഷകളാണ്. 2023-24ൽ 9195 പേർക്ക് വായ്പാ അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് വകുപ്പ് രേഖാമൂലം പറയുന്നതെങ്കിലും ഗുണഭോക്താക്കളിലേക്ക് എത്തിയിട്ടില്ല. അപേക്ഷകൾ സ്വീകരി​ക്കുന്നുമുണ്ട്.

ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന പല പദ്ധതികളും മുടങ്ങിപ്പോവുകയാണ്. എത്രയും വേഗം വായ്പ അനുവദിച്ച് ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.

രാജീവ് പള്ളുരുത്തി

സംസ്ഥാന ജനറൽ സെക്രട്ടറി

ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ