കൊച്ചി: കൊച്ചി കോർപ്പറേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ നൃത്തോത്സവം ഭാവ് '2024 ഇന്നാരംഭിക്കും. ഡിസംബർ മൂന്നുവരെയാണ് പരിപാടി. എറണാകുളം ടൗൺഹാളിൽ വൈകിട്ട് 5.30ന് നടക്കുന്ന നൃത്തോത്സവത്തിന് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാഅക്കാഡമി അവതരിപ്പിക്കുന്ന ഇശൽസന്ധ്യയോടെ തുടക്കമാകും. ദഫ്‌മുട്ട്, ഒപ്പന, കോൽക്കളി, മാപ്പിളപ്പാട്ട്, ഇശൽ നൃത്തം, അറേബ്യൻ ഡാൻസ് എന്നിവയാണ് ഇശൽസന്ധ്യയുടെ ഭാഗമായി നടക്കുക. വൈകിട്ട് 6.30ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനാകും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 7.15ന് നടി ആശാ ശരത്തിന്റെ ഭരതനാട്യം.
നാളെ വൈകിട്ട് 5.45ന് പ്രതീക്ഷ കാശിയുടെ കുച്ചിപ്പുടി, 7.15ന് രമാവൈദ്യനാഥനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം. മൂന്നാംദിവസം വൈകിട്ട് 5.45ന് ഡോ. മിനി പ്രമോദും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 7.15ന് ഷിജിത്തും പാർവതിയും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം.
നാലാംദിവസം വൈകിട്ട് 5.45ന് കല്യാണി മേനോൻ ഹരികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 7.15ന് പ്രവീൺകുമാറും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവ നടക്കും. അഞ്ചാംദിവസം വൈകിട്ട് 5.45ന് അമീന ഷാനവാസും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, നഗരത്തിലെ മുതിർന്ന കലാകാരന്മാരായ കെ.ജി. പൗലോസ്, കലാമണ്ഡലം സുഗന്ധി, കലാ വിജയൻ, മാർഗി മധു, അനുപമ മോഹൻ, കലാമണ്ഡലം സുമതി എന്നിവരെ 6.45ന് നടക്കുന്ന ചടങ്ങിൽ ആദരിക്കും. 7.15ന് ബംഗളൂരു നൃത്യഗ്രാം ഡാൻസ് വില്ലേജിന്റെ ഒഡീസിനൃത്തം. കലാകാരന്മാർ നയിക്കുന്ന നൃത്തശില്പശാലകളും എറണാകുളം ടൗൺ ഹാളിൽ നടക്കും. രണ്ടാം ദിനം ഉച്ചയ്ക്ക് രണ്ടിന് രമാ വൈദ്യനാഥൻ നയിക്കുന്ന നൃത്തശില്പശാല, മൂന്നാംദിനം രാവിലെ 10ന് നട്ടുവനാർ കെ.എസ്. ബാലകൃഷ്ണൻ, നാലാംദിനം രാവിലെ 10ന് ഷിജിത്ത്, പാർവതി, അഞ്ചാംദിനം രാവിലെ 10ന് പ്രവീൺകുമാർ എന്നിവരുടെ നൃത്തശില്പശാല. പ്രവേശനം സൗജന്യം.