തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് ഇന്ന് സന്ധ്യക്ക് കൊടിയേറും. വരുന്ന എട്ട് രാപ്പകൽ തൃപ്പൂണിത്തുറ ഭക്തിയുടെയും ക്ഷേത്രകലകളുടെയും വാദ്യമേളങ്ങളുടെയും സംഗമഭൂമിയാകും. ഡിസംബർ ആറിനാണ് ആറാട്ട്.
മേളത്തിന് ഇത്തവണ എട്ടുദിവസവും പ്രത്യേകം പ്രമാണക്കാരാണ്. വൃശ്ചികോത്സവത്തിന്റെ ഏറ്റവും പ്രധാനമായ തൃക്കേട്ട പുറപ്പാട് ദിവസം പെരുവനം കുട്ടൻമാരാരാണ് മേളപ്രമാണി. മറ്റ് ദിവസങ്ങളിൽ പഴുവിൽ രഘു മാരാർ, പെരുവനം പ്രകാശൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ മാരാർ, ചെറുശേരി കുട്ടൻമാരാർ, പെരുവനം സതീശൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർ എന്നിവരാകും പഞ്ചാരിമേളത്തിന് പ്രാമാണിത്വം വഹിക്കുക. ആറാട്ട് ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ശീവേലിയും രാത്രി വിളക്കിനെഴുന്നള്ളിപ്പും ആറാട്ടുദിവസം വൈകിട്ട് 4 മുതൽ കാഴ്ചശീവേലിയും നടക്കും.
ഇന്നത്തെ ഉത്സവ ചടങ്ങുകൾ:
പുലർച്ചെ 6.40ന് ബ്രഹ്മകലശം, 8ന് ശീവേലി, പഴുവിൽ രഘുമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, തുടർന്ന് ശ്രീഭൂതബലി, ഉച്ചശീവേലി, 12ന് ഓട്ടൻതുള്ളൽ, 2ന് അക്ഷരശ്ലോകസദസ്, 4നും 5നും സംഗീതക്കച്ചേരി, നാദസ്വരം, 6.30 ന് ആർ.എൽ.വി കോളജ് വിദ്യാർഥികളുടെ സംഗീതാർച്ചന, 7.30ന് കൊടിയേറ്റ്, 8 ന് കലാപരിപാടികളുടെ ഉദ്ഘാടനം, സാംസ്കാരിക സമ്മേളനം, ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ ചാക്യാർക്കൂത്ത്, കോൽക്കളി, പാഠകം, 7.30ന് ശുകപുരം രഞ്ജിത്തിന്റെ പ്രമാണത്തിൽ തായമ്പക, 9ന് വിളക്കിനെഴുന്നള്ളിപ്പ്, എ.എസ്. മുരളിയുടെ സംഗീതക്കച്ചേരി, 12ന് കഥകളി (നളചരിതം നാലാംദിവസം)
വഴിപാടായി ആലവട്ടങ്ങൾ
ശ്രീപൂർണത്രയീശന് വഴിപാടായി 12 ആലവട്ടങ്ങളും 2 മുത്തുക്കുടകളും ഭക്തൻ മധു നാരായണൻ സമർപ്പിച്ചു. ഭഗവാന്റെ ശീവേലിക്കും വിളക്കിനെഴുന്നള്ളിപ്പിനും ഇവ ഉപയോഗിക്കും.
ആനച്ചമയ പ്രദർശനവും പഞ്ചാക്ഷരിമേളവും നടന്നു
ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ആനച്ചമയങ്ങളുടെ പ്രദർശനം നടന്നു. സ്വർണക്കോലം, നെറ്റിപ്പട്ടങ്ങൾ, തഴ, ആലവട്ടം, വെൺചാമരം, മുത്തുക്കുട, കച്ചക്കയർ, കഴുത്തുമണി എന്നിവയാണ് പ്രദർശിപ്പിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ബി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.