
ചോറ്റാനിക്കര: മുളന്തുരുത്തി പഞ്ചായത്തിലെ തെരുവുവിളക്കുകൾ ഭൂരിപക്ഷവും മിഴിതുറക്കുന്നില്ല. മുളന്തുരുത്തി പഞ്ചായത്ത് ഓഫീസിന്റെ മുൻവശം തൊട്ട് പള്ളിത്താഴം ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങൾ പൂർണമായും ഇരുട്ടിലാണ്. ബസ് സ്റ്റാൻഡിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം സമീപത്തെ കടകളിലെ വെളിച്ചമാണ് ആശ്രയം.
വ്യാപാരസ്ഥാപനങ്ങൾ അടച്ചാൽ മുളന്തുരുത്തിയിലെ പല കവലകളും ഇരുട്ടിലാകും. നടപ്പാതകൾ സ്ലാബ് തകർന്ന നിലയിലാണ്. മോഷ്ടാക്കളുടെ ശല്യവും വ്യാപകമാണ്.
ബസ് സ്റ്റാൻഡും പരിസരവും ഇഞ്ചിമല, ചെങ്ങോലപ്പാടം, മുളന്തുരുത്തി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായ്ക്കൾ പിടിമുറുക്കിയിരിക്കുകയാണ്. പേടി കൂടാതെ രാത്രിയിൽ ഇവിടെ നിൽക്കാൻപോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ വഴിവിളക്കുകളുടെ കരാർ സംബന്ധിച്ച് ടെൻഡർ ക്ഷണിച്ചുവെങ്കിലും ആരും ക്വട്ടേഷൻ നൽകിയിട്ടില്ല. ഇലക്ട്രിക് പോസ്റ്റുകളിൽ മെഴുകുതിരിയും മണ്ണെണ്ണവിളക്കും കത്തിച്ചുവച്ച് പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.
നേരിടുന്ന പ്രശ്നങ്ങൾ
1 മുളന്തുരുത്തി ബസ് സ്റ്റാൻഡിലെയും പരിസരത്തെയും കടകൾ അടച്ചാൽ പിന്നെ കൂരാക്കൂരിരുട്ടാണ്
2 പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും അതിരൂക്ഷം
3 സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണം ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ വാടകയ്ക്കെടുക്കാൻ പോലും ആരും തയ്യാറാവുന്നില്ല.
4 മുമ്പ് ബസ് സ്റ്റാൻഡിലെ മുറി വാടകയ്ക്കെടുത്തിരുന്നയാളുടെ ജീവനക്കാരിയെ ചില സാമൂഹ്യവിരുദ്ധർ ശല്യം ചെയ്തതോടെ അദ്ദേഹവും കടമുറിവിട്ടു.
5 ബസ് സ്റ്റാൻഡിലെ ശൗചാലയത്തിലാണ് സാമൂഹ്യവിരുദ്ധരുടെ മദ്യസേവ. കാലി മദ്യക്കുപ്പികൾ ഇവിടെ കുന്നുകൂടിക്കിടക്കുകയാണ് ഇവിടെ.
6 മുളന്തുരുത്തിയിലെ മറ്റ് പല പ്രദേശങ്ങളിലും സമാന അവസ്ഥ
മുളന്തുരുത്തി സ്റ്റാൻഡിലും മറ്റും വെളിച്ചം എത്തിക്കാനുള്ള നടപടി ഉടനെ സ്വീകരിക്കും.
ഷിനി ഷാജി
പഞ്ചായത്ത് അംഗം
മുളന്തുരുത്തിയിൽ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാണ്. സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. നടപടി ഉണ്ടായില്ലെങ്കിൽ സി.പി.എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
പി.ഡി. രമേശൻ,
സി.പി.എം ലോക്കൽ സെക്രട്ടറി