കൊച്ചി: കോഴിക്കോട് നിന്ന് വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ, കുട്ടികൾക്കു നൽകാൻ ബോട്ടിൽ ഭക്ഷണം എത്തിച്ച ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും ചേർന്ന് അടപ്പിച്ചു. കടയുടെ ലൈസൻസ് റദ്ദാക്കി. ഹൈക്കോടതിക്ക് സമീപം പ്രവർത്തിക്കുന്ന വില്ലീസ് കിച്ചൺ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ബോട്ട് ഉടമയ്ക്കെതിരെയും നടപടിയുണ്ടാകും.

ഹോട്ടലിൽ നിന്ന് സാമ്പിളുകൾ ലഭിച്ചിട്ടില്ലെങ്കിലും പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കും. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ബുധനാഴ്ച എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 44 കുട്ടികളും കെയർടേക്കർമാരും ഉൾപ്പടെ 85 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യതീരം സ്‌പെഷ്യൽ സ്കൂളിൽ നിന്നുള്ള സംഘമാണ് കൊച്ചിയിലെത്തിച്ചത്. സ്വകാര്യ ബോട്ടിലായിരുന്നു യാത്ര.

104 പേർ സംഘത്തിലുണ്ടായിരുന്നു. ഇവർ ഇന്നലെ മടങ്ങി.

ബോട്ട് യാത്രയ്ക്ക് ശേഷം മെട്രോ ട്രെയിനിൽ ലുലുമാളിൽ എത്തിയപ്പോഴാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം തുടങ്ങിയത്. പലതവണ ടോയ്ലെറ്റിൽ പോവുകയും ഛർദ്ദിക്കുകയും ക്ഷീണിതരാവുകയും ചെയ്തതോടെ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് കൊച്ചിയിലെത്തിയ സംഘം ബോട്ടിൽ നിന്ന് മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.