
വിദേശത്ത് മെഡിക്കൽ പഠനത്തിന് പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്കായി നാഷണൽ മെഡിക്കൽ കമ്മിഷൻ പ്രത്യേക മുന്നറിയിപ്പ് പുറത്തിറക്കി. 2021 ൽ പുറത്തിറക്കിയ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്‌സ് ലേണിംഗ് (FMGL) നിയമാവലിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധനകൾ പുറത്തിറക്കിയിരിക്കുന്നത്. ഗുണനിലവാരമില്ലാത്തതും നാഷണൽ മെഡിക്കൽ കമ്മിഷൻ നിഷ്‌കർഷിക്കുന്ന സൗകര്യങ്ങളില്ലാത്തതുമായ കോളേജുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനെത്തുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് മുന്നറിയിപ്പ് നൽകുന്നത്. വിദ്യാർത്ഥി 54 മാസത്തെ കോഴ്‌സ് പഠനവും ഒരുവർഷത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കണം.
ഇന്ത്യയിൽ നിന്ന് മെഡിക്കൽ പഠനത്തിനായി വിദ്യാർത്ഥികൾ ചൈന, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ്, റഷ്യ, യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളായ ഉക്രെയ്ൻ, ജോർജിയ, ഹംഗറി, ഉസ്‌ബെക്കിസ്ഥാൻ, മാൾഡോവ, കസാക്കിസ്ഥാൻ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ നാഷണൽ മെഡിക്കൽ കമ്മിഷൻ മുന്നറിയിപ്പ് വിലയിരുത്തണം.
നീറ്റ് യോഗ്യത
......................
നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളാണ് മെഡിക്കൽ പഠനത്തിന് വിദേശത്തെത്തുന്നത്.
എന്നാൽ നീറ്റ് യോഗ്യത നേടാത്തവരും വിദേശപഠനത്തിനെത്തുന്നുണ്ട്. ഈ മേഖലയിൽ അവ്യക്തത തുടരുന്നതിനാൽ യോഗ്യത, പഠന കാലയളവ്, പഠിപ്പിക്കുന്ന ഭാഷ, സിലബസ്, ക്ലിനിക്കൽ പരിശീലനം, ഇന്റേൺഷിപ് എന്നിവയിൽ ഫോറിൻ മെഡിക്കൽ ബിരുദധാരികൾക്കുവേണ്ടി 2021ൽ പുറത്തിറക്കിയ റെഗുലേഷൻസ് അനുസരിച്ചുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഡ്മിഷൻ നേടാവൂ. ചട്ടങ്ങൾക്ക് വിരുദ്ധമായി കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കില്ല.
പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ എഫ്.എം.ജി പരീക്ഷ പാസായാൽ മാത്രമേ അവർക്ക് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ലഭിക്കൂ. എഫ്.എം.ജിയുടെ ഇതുവരെയുള്ള വിജയ ശതമാനം 22% മാത്രമാണ്. ജിയോപൊളിറ്റിക്കൽ സാഹചര്യം വിലയിരുത്താതെ വിദേശ പഠനത്തിന് തുനിയരുത്.
ഓർമിക്കാൻ...
1. പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്:- മുൻ സൈനികരുടെ ആശ്രിതർക്ക് ഉന്നത പ്രൊഫഷണൽ പഠനത്തിന് സഹായം നൽകുന്ന പ്രൈംമിനിസ്റ്റേഴ്സ് സ്കോളർഷിപ് 2024-25ന് 30 വരെ അപേക്ഷിക്കാം. സ്കോളർഷിപ് ലഭിക്കുന്ന കോഴ്സുകളുടെ പട്ടിക https://ksb.gov.inൽ.
2. ജെ.എൻ.യു പി എച്ച്.ഡി പ്രോഗ്രാം:- ജെ.എൻ.യുവിലെ 2024-25 അദ്ധ്യയന വർഷ പി എച്ച്.ഡി പ്രോഗ്രാമുകൾക്ക് ഡിസംബർ 2 വരെ അപേക്ഷിക്കാം. നെറ്റ് (യു.ജി.സി- സി.എസ്.ഐ.ആർ), ജെ.ആർ.എഫ്, ഗേറ്റ് യോഗ്യതയുള്ളവർ jnu.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്.
എൽ.എൽ.എം അലോട്ട്മെന്റ്
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ എൽ.എൽ.എം പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 29 മുതൽ ഡിസംബർ 7ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ് ലൈൻ: 0471 2525300.