പറവൂർ: ലഹരിക്കേസിൽ യുവാവിനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തെ പ്രതിരോധിച്ച അമ്മയെ പൊലീസുകാർ തള്ളിയിട്ടതായി പരാതി. മന്നം ജാറപ്പടി പാളയംകോട് വീട്ടിൽ സാദിഖ് ഷാമിന്റെ ഭാര്യ പി.എ. സെൽമയാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, പ്രതിപക്ഷനേതാവ് തുടങ്ങിയവർക്ക് പരാതി നൽകിയത്.
27ന് വൈകിട്ട് അഞ്ചരയോടെ രണ്ട് ജീപ്പുകളിലായി പൊലീസ് സംഘം വീട്ടിലെത്തിയെന്ന് പരാതിയിൽ പറയുന്നു. ഈസമയം മകൻ ഉണ്ടായിരുന്നില്ല. വീട് പരിശോധിക്കുന്നതിനിടെ മകൻ വീട്ടിലെത്തി. മയക്കുമരുന്ന് കടത്തിയെന്ന് രഹസ്യവിവരം ലഭിച്ച കാർ കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മകനെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറി. ഇതോടെ സെൽമയും ജീപ്പിൽ കയറിയിരുന്നു. ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. ഈ സമയം പൊലീസ് സെൽമയെ ബലംപ്രയോഗിച്ച് തള്ളിയിട്ടെന്നും ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ വാങ്ങി വലിച്ചെറിഞ്ഞെന്നും പരാതിയിൽ പറയുന്നു.
ഹൃദ്രോഗിയായ തനിക്ക് സംഭവത്തിന് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും അഡ്മിറ്റായെന്നും സെൽമ പറഞ്ഞു.
വ്യാജമെന്ന് പൊലീസ്
അതേസമയം, സെൽമയുടെ പരാതി വ്യാജമാണെന്ന് പറവൂർ പൊലീസ് പറഞ്ഞു. മകനെ കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞ് സെൽമ പൊലീസ് ജീപ്പിന്റെ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു. ഇറങ്ങാൻ പലവട്ടം പറഞ്ഞിട്ടും ഇറങ്ങിയില്ല. സെൽമയുടെ മകളും മറ്റൊരാളും ചേർന്നാണ് ഇവരെ ജീപ്പിൽ നിന്ന് പിടിച്ചിറക്കിയത്. പൊലീസുകാർ തള്ളിയിട്ടിട്ടില്ല. ഇതിന്റെയെല്ലാം ദ്യശ്യങ്ങൾ പൊലീസിന്റെ കൈവശമുണ്ടെന്നും പറവൂർ പൊലീസ് ഇൻസ്പെക്‌ടർ പറഞ്ഞു.