 
കെ.സി. സ്മിജൻ
നെടുമ്പാശേരി: വികസന കുതിപ്പിൽ രാജ്യത്തിനാകെ മാതൃകയായി സേവനത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. വിമാനത്താവളം ആരംഭിച്ച ഘട്ടത്തിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം നൽകാമെന്ന് സിയാൽ വാഗ്ദാനം ചെയ്തതാണെങ്കിലും നാളിതുവരെ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് റെയിൽവേ തയ്യാറായായിരുന്നില്ല.
സംസ്ഥാനത്ത് നിന്നുള്ള ആഭ്യന്തര - അന്താരാഷ്ട്ര വിമാനയാത്രക്കാർ ഏറ്റവും കൂടുതലായി എത്തുന്ന നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്. ആലുവ, അങ്കമാലി, എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ ഇറങ്ങിയ ശേഷം യാത്രക്കാർ ടാക്സികളിലും മറ്റുമായി വിമാനത്താവളത്തിൽ എത്തേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തിക നഷ്ടം മാത്രമല്ല, യാത്രക്കാരുടെ സമയവും നഷ്ടപ്പെടുത്തുകയാണ്.
ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ സംഖ്യ വർഷംതോറും വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ റെയിൽവേ സ്റ്റേഷൻ അത്യാവശ്യമാണ്. നിലവിൽ ട്രെയിൻ മാർഗം ആലുവയിലെത്തുന്ന യാത്രക്കാർ 13 കിലോമീറ്ററും അങ്കമാലിയിലെത്തുന്നവർ എട്ട് കിലോമീറ്ററും റോഡ് മാർഗം സഞ്ചരിച്ചാണ് വിമാനത്താവളത്തിൽ എത്തുന്നത്. അങ്കമാലിയിൽ വളരെ കുറച്ചു ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. ആലുവയിലും നിർത്താത്ത ട്രെയിനുകളിലെ യാത്രക്കാർ എറണാകുളത്ത് നിന്ന് റോഡ് മാർഗം നെടുമ്പാശേരിയിലേക്ക് സഞ്ചരിക്കേണ്ടത് 32 കിലോ മീറ്ററാണ്.
റെയിൽവേ മന്ത്രിക്ക് എം.പി നിവേദനം നൽകി
നെടുമ്പാശേരിയിൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം.പി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. നെടുമ്പാശേരിയിലെ വിമാനത്താവളത്തിന്റെ പ്രാധാന്യമെല്ലാം നിവേദനത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. തൃശൂർ വൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ നടപ്പാലം നിർമ്മിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നടപ്പാലം ഇല്ലാത്തതിനാൽ യാത്രക്കാർ പാളങ്ങൾ മുറിച്ച് കടക്കുന്നത് ഗുരുതര അപകടസാധ്യതകൾക്ക് വഴിവെക്കുകയാണെന്നും ചൂണ്ടികാട്ടി.
റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുമ്പോൾ കരിയാട് - മറ്റൂർ റോഡിൽ അകപ്പറമ്പ് നിന്ന് വിമാനത്താവളത്തിലേക്ക് ലിങ്ക് റോഡ് കൂടി പരിഗണനയിലുണ്ടാകണം. നിലവിൽ അകപ്പറമ്പ് റെയിൽവേ ഗേറ്റിൽ ഏറെ സമയം വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. റെയിൽവേ സ്റ്റേഷൻ പദ്ധതി കേന്ദ്രം പരഗണിക്കുമ്പോൾ ലിങ്ക് റോഡിന് സിയാലും മുൻകൈയെടുക്കണം.
ജോസ പി. വർഗീസ്
പ്രസിഡന്റ്,
സർവീസ് സഹകരണ ബാങ്ക്
അകപ്പറമ്പ്
നെടുമ്പാശേരി വിമാനത്താവളം വഴി ഒരു വർഷം കടന്നുപോകുന്നത് ഒരു കോടിയിലേറെ യാത്രക്കാർ
റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമായാൽ വാണിജ്യ പ്രവർത്തനങ്ങൾക്കും, ടൂറിസത്തിനും ഏറെ ഗുണകരം